
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹനപ്രേമം ഏറെ പ്രസിദ്ധമാണ്. ‘369 ഗ്യാരേജ്’ എന്നുപേര് നേടിയിരിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിഗത വാഹനശേഖരത്തിലേക്ക് ഏറ്റവും പുതിയതായി ചേർന്നത്, അത്യാഡംബര സവിശേഷതകളുള്ള പുതിയ ഒരു കാരവാനാണ്. മുമ്പ് ഉപയോഗിച്ച KL 07 BQ 369 നമ്പറുള്ള കാരവാനിന് പകരമായി KL 07 DG 0369 എന്ന പുതിയ രജിസ്ട്രേഷന് നമ്പറിലുള്ളതാണ് ഈ വാഹനം. ഇതോടെ മമ്മൂട്ടിയുടെ ഗ്യാരേജില്‍ രണ്ടാമത്തെ കാരവാനായി മാറുന്നു.
പുതിയ കാരവാനിൽ രണ്ട് മുറികളുണ്ട് – ബെഡ്റൂമും വിസിറ്റിങ് റൂമും. പുറത്തേക്ക് സ്ലൈഡ് ചെയ്യാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു, അതായത് വാഹനം നിര്‍ത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ സാധിക്കും. വാഹനം ഒമ്പത് മീറ്റര്‍ നീളമുള്ളതും അത്യാഡംബര കാറുകളിൽ ലഭ്യമായ കലഹാരി ഗോൾഡ് നിറത്തിലാണ് പെയിന്റ് ചെയ്തിട്ടുള്ളതും പ്രത്യേകതയാണ്.
എക്സ്റ്റീരിയർ ഭാഗത്ത്, ഇല്യുമിനേറ്റ് ചെയ്യുന്ന എം ലോഗോ, കണക്ടഡ് എൽഇഡി ടെയിൽലാമ്പുകൾ, വോൾവോയുടെ റിയർവ്യൂ മിററുകൾ, പുതിയ ഡിസൈനിൽ ഒരുക്കിയ എൽഇഡി ഹെഡ്ലൈറ്റുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവകൊണ്ടും ഈ കാരവാന് വ്യത്യസ്തമാണ്.
ഭാരത് ബെന്‍സ് 1017 ഷാസിയിലാണ് അത്യാഡംബര കാരവന് തീര്‍ത്തിരിക്കുന്നത്. കാരവാനിന്റെ നിര്‍മാണം മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കോതമംഗലത്ത് ആസ്ഥാനമായുള്ള ‘ഓജസ് ഓട്ടോമൊബൈല്‍സ്’ ആണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.