
ഇലോൺ മസ്കിന്റെ വാഹന നിർമാണക്കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണ്. ഇതിനായി മുംബൈയിൽ വെയർഹൗസ് നിർമാണത്തിനായി 24,565 ചതുരശ്രയടി സ്ഥലം പാട്ടത്തിനെടുത്തു. മുംബൈയിൽ അന്താരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളുടെ കേന്ദ്രമായ ബാന്ദ്ര – കുർള കോംപ്ലക്സിൽ കാർ ഷോറൂം തുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഈ ഷോറൂമിന്റെ അടുത്തായിട്ടുള്ള കുർള വെസ്റ്റിലെ ലോധ ലോജിസ്റ്റിക്സ് പാർക്കിലാണ് കമ്പനി വെയർ ഹൗസ് നിർമിക്കുന്നത്. അഞ്ചു വർഷത്തേക്ക് പ്രതിമാസം 37.53 ലക്ഷം രൂപ വാടക നൽകിയാണ് വെയർ ഹൗസിനുള്ള സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്നത്.വിദേശത്ത് നിന്ന് ഇറക്കുമതി ടെസ്ല ഇവികളായിരിക്കും ഇന്ത്യയിൽ വിൽക്കുക. ഇന്ത്യയിൽ വാഹന നിർമാണം നടത്താൻ ടെസ്ലക്ക് ഉടനെയൊന്നും പദ്ധതിയില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വിൽപനക്കായി കമ്പനി ഏത് മോഡലാണ് എത്തിക്കുക എന്നതിനെ സംബന്ധിച്ചും നിലവിൽ വ്യക്തതയില്ല.