
ഒല ഇലക്ട്രിക് 2025 മാർച്ച് അവസാന പാദത്തിൽ റിപ്പോർട്ട് ചെയ്തത് 870 കോടി രൂപയുടെ നഷ്ട്ം. കമ്പനിയുടെ വരുമാനം 60 ശതമാനം ഇടിഞ്ഞ് 649 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട നഷ്ടത്തിന്റെ ഇരട്ടിയാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ കമ്പനി ഒലക്ക് എതിരാളികളിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നതുമൂലമുണ്ടായ ഡിമാൻഡ് കുറവ്, ഇൻവെന്ററി ഷിഫ്റ്റുകൾ തുടങ്ങിയ കാരണങ്ങൾ മൂലമാണ് നഷ്ട്ം നേരിടേണ്ടി വന്നത്. ഇത് ഉല്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
1.1 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വർഷം അവസാനപാദത്തിൽ വിറ്റതെങ്കിൽ, ഈ വർഷത്തിന്റെ അവസാന പാദത്തിൽ വിൽക്കാനായത് 51375 യൂണിറ്റ് മാത്രമാണ്. പ്രീമിയം സെഗ്മെന്റ് ഡെലിവറികളുടെ ഗ്രാഫും ഇത്തവണ താഴേക്കാണ്. 15,764 യൂണിറ്റ് മാത്രമാണ് ഈ അവസാന പാദത്തിൽ കമ്പനിക്ക് വിൽക്കാനായത്. മാർച്ച് അവസാനത്തോടെ കമ്പനിയുടെ മൊത്തം വരുമാനം 4,000 കോടി രൂപയായിരുന്നു. നിലവിലുള്ള ബാധ്യതകൾ പരിഹരിക്കാൻ 1,700 കോടി രൂപവരെ കടം എടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 2025 സാമ്പത്തിക വർഷത്തിൽ വരുമാനം 9 ശതമാനം കുറഞ്ഞ ഒല 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ റിക്കവർ ആയി വരുമാനം 800 – 850 കോടിയിലേക്കുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.