
1.36 കിലോമീറ്റര്‍ അകലെ നിന്ന് ചെറിയ അക്ഷരങ്ങളും സൂക്ഷ്മ വിശദാംശങ്ങളും ഉയര്‍ന്ന റെസലൂഷനില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ലേസര്‍ സംവിധാനം വികസിപ്പിച്ച് ഗവേഷകര്‍. പ്രകാശം ഒരു പ്രതലത്തില്‍ പതിക്കുന്ന രീതിയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിന് വഴിതെളിച്ചത്. ഈ രീതിയെ ആക്ടീവ് ഇന്റന്‍സിറ്റി ഇന്റര്‍ഫെറോമെട്രി (active intensity interferometry) എന്നാണ് വിളിക്കുന്നത്.
ഏകദേശം ഒരു മൈല്‍ അകലെ നിന്ന് ചെറിയ വിശദാംശങ്ങള്‍ പോലും കണ്ടെത്താന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പ്രത്യേക പോയിന്റിലേക്ക് എട്ട് ഇന്‍ഫ്രാറെഡ് ലേസര്‍ ബീമുകള്‍ അയക്കുന്ന ഒരു ഉപകരണമാണ് ഗവേഷകര്‍ പരീക്ഷിച്ചത്. പ്രകാശത്തിന്റെ പ്രതിഫലനത്തിന്റെ തീവ്രത പിടിച്ചെടുക്കാന്‍ രണ്ട് ടെലിസ്കോപ്പുകള് ഉപയോഗിച്ചു. ലക്ഷ്യസ്ഥാനത്ത് പ്രകാശം നല്കുന്ന എട്ട് ലേസര്‍ ബീമുകളുടെ കാലിബ്രേഷന്‍ വഴി രണ്ട് ടെലിസ്കോപ്പുകളില്‍ നിന്നുള്ള റീഡിംഗുകള്‍ തമ്മിലുള്ള വ്യതിയാനങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് ചിത്രം പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശദീകരിച്ചു.
ഇത്തരത്തില്‍ 1.36 കിലോമീറ്റര്‍ അകലെയുള്ള മില്ലിമീറ്ററുകള്‍ മാത്രം വലിപ്പമുള്ളവയുടെ ചിത്രം വിജയകരമായി എടുക്കാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതിലൂടെ ഒറ്റ ടെലിസ്കോപ്പിന്റെ ഡിഫ്രാക്ഷന്‍ പരിധിയേക്കാള്‍ ഏകദേശം 14 മടങ്ങ് റെസലൂഷന്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒരു പെന്‍സിലിന്റെ വീതിയെക്കാള്‍ ചെറിയ മൂന്ന് മില്ലിമീറ്റര്‍ റെസലൂഷനിലുള്ള അക്ഷരങ്ങള്‍ കൃത്യമായി വായിക്കാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകരാണ്
ഈ കണ്ടെത്തലിന് പിന്നില്‍.
എന്നാൽ ഇനിയും മറികടക്കേണ്ട ചില പരിമിതികളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് വസ്തുവിലേക്ക് വ്യക്തമായ ദൃശ്യരേഖ (line of sight) ആവശ്യമാണ്. ലക്ഷ്യം ലേസര്‍ ഉപയോഗിച്ച് പ്രകാശിപ്പിക്കണം, അതിനാല്‍ രഹസ്യസ്വഭാവം ആവശ്യമുള്ള നിരീക്ഷണ സാഹചര്യങ്ങള്‍ക്ക് ഇത് അനുയോജ്യമായിരിക്കില്ല. ലേസറിന്റെ നിയന്ത്രണം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ഗവേഷകസംഘം. കൂടുതല്‍ കൃത്യമായി ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും നിര്‍മിതബുദ്ധി (AI) യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അവര്‍ ശ്രമിക്കുന്നുണ്ട്.