ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനാല്‍ തന്നെ പലര്‍ക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീര്‍ന്നിട്ടുണ്ട്. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും മുമ്പത്തേക്കാള്‍ ആധുനികവും ബുദ്ധിപരവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്രൂകോളര്‍.
മെസേജ് ഐഡി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ ബോക്സ് സ്കാന്‍ ചെയ്ത് ഒടിപികള്‍, ഡെലിവറി അപ്ഡേറ്റുകള്, ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ട്രൂകോളറിന് സാധിക്കും. ഉപഭോക്താവിന് ആവശ്യമുള്ള ഈ സന്ദേശങ്ങള്‍ പച്ച നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ഉള്‍പ്പെടുത്തിയാണ് ഇന്‍ബോക്സില്‍ കാണിക്കുക.
