
ഷെന്‍ഷോ- 20 ക്രൂഡ് ബഹിരാകാശ പേടകം ചൈന വിക്ഷേപിച്ചു. മൂന്ന് യാത്രികരാണ് പേടകത്തിലുള്ളത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് പ്രാദേശിക സമയം വ്യാഴം വൈകിട്ട് 5.17-ന് (ബീജിങ് സമയം) ആണ് വിക്ഷേപണം നടത്തിയത്. ചെന്‍ ഡോങ്, ചെന്‍ സോങ്രുയി, വാങ് ജി എന്നിവരാണ് പേടകത്തിലുള്ളത്.
ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ വടക്കന്‍ ചൈനയിലെ ഡോങ്ഫെങ് ലാന്‍ഡിങ്ങ് സൈറ്റിലേക്ക് ക്രൂ മടങ്ങും. മനുഷ്യരെ അയച്ചുള്ള ചൈനയുടെ 35-ാമത്തെ ബഹിരാകാശ പദ്ധതിയാണിത്. 2035-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ‘ബേസിക് സ്റ്റേഷനും’ 2045-ല്‍ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിര്‍മിക്കാനും ചൈനക്ക് പദ്ധതിയുണ്ട്.
2030-ഓടെ ചന്ദ്രനില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്നാണ് ചൈനയുടെ ലക്ഷ്യം. ബഹിരാകാശ നിലയം സ്വന്തമായി നിര്‍മിക്കുന്ന ഏകരാജ്യമാണ് ചൈന. 2020-ല്‍ ചൈനയുടെ ചാങ് ഇ-5 ബഹിരാകാശപേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാക നാട്ടിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ രാജ്യം കൂടിയാണ് ചൈന.