തന്റെ പട്ടിക്കും ഭാര്യയ്ക്കും ഒപ്പം കടല്‍ത്തീരത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഫോട്ടോ ഓപ്പണ്‍ എഐ സിഇഒ സാം ആൾട്ട്മാന് ജിബ്ലി ഇമേജാക്കി മാറ്റിയതായിരുന്നു ആദ്യത്തെ ചാറ്റ്ജിപിടി ജിബ്ലി ചിത്രം. പിന്നാലെ ലോകത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗം തന്നെ സൃഷ്ടിച്ചു, ഈ ചിത്രം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലി-സ്റ്റൈൽ ട്രെൻഡിന് പിന്നാലെയാണ്. ഈ ദിവസങ്ങളിൽ ഏറ്റവും ചുരുങ്ങിയത് ഒരു ഫോട്ടോയെങ്കിലും ഗിബ്ലി-സ്റ്റൈലിലേക്ക് മാറ്റാത്തവർ ചുരുക്കമായിരിക്കും. ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ഇമേജ് – ജനറേഷൻ അപ്ഡേറ്റ് ആയ ജിബ്ലി – സ്റ്റൈൽ ഇന്റർനെറ്റ് ലോകത്തെ വലിയ ആവേശത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങളെ അതിശയിപ്പിക്കുന്ന സ്റ്റുഡിയോ ജിബ്ലി – സ്റ്റൈൽ പോർട്രെയ്റ്റുകളാക്കി മാറ്റാൻ ഇത് അനുവദിക്കുന്നു. പുതിയ ജിപിടി – 4o മോഡലാണ് ഈ സവിശേഷതയ്ക്ക് കരുത്ത് പകരുന്നത്. ഉപയോക്താക്കൾ അവരുടെ എഐ – സൃഷ്ടികൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള പ്രിയപ്പെട്ട ഫോട്ടോകൾ, സിനിമ കഥാപാത്രങ്ങൾ എന്നിവയെല്ലാം ജിബ്ലി സ്റ്റൈൽ പോർട്രേറ്റുകളാക്കി വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വച്ചതോടെ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന് പോലും ഇതിൽ ഇടപെടേണ്ടി വന്നു. തന്റെ ടീമിന് വിശ്രമം ആവശ്യമാണെന്നും ഉപയോക്താക്കളോട് അല്പം സാവധാനത്തിൽ കാര്യങ്ങൾ ചെയ്യാനുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
