ബ്യൂനസ് ഐറിസ്: അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതിയാകും. എന്നാൽ ബ്രസീലിന് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാൻ ഒരു ജയം അനിവാര്യമാണ്. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ സമ്മർദ്ദത്തിലാണ് ഇരു ടീമുകളും. ബ്യൂനസ് ഐറിസിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം. 13 കളികളിൽ നിന്ന് 28 പോയിന്റുമായി തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാമതാണ്.
അർജന്റീനയ്ക്കെതിരെ ആറ് വർഷമായി ബ്രസീൽ ഒരു മത്സരം ജയിച്ചിട്ടില്ല. അർജന്റീന 2022 ലോകകപ്പും 2021, 2024 കോപ്പ അമേരിക്കയുമെല്ലാം ജയിച്ചപ്പോൾ ബ്രസീൽ അവസാനമായൊരു കിരീടം നേടിയത് 2019 കോപ്പ അമേരിക്കയിലായിരുന്നു. പുതിയ കോച്ച് ഡോറിവൽ ജൂനിയറിന്റെ കീഴിൽ തുടർ സമനിലകൾ കൊണ്ട് കഷ്ടപ്പെട്ട ബ്രസീൽ ഒന്നാശ്വസിച്ചത് കൊളംബിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ നേടിയ ജയത്തോടെയാണ്. ഇൻജുറി ടൈമിൽ വിനീസ്യൂസ് നേടിയ ഗോളിലായിരുന്നു ആ 2-1 ജയം.
