ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ വിജയസാധ്യത ഇംഗ്ലണ്ടിനാണെന്ന അവകാശവാദവുമായി ഓപ്പണർ ബെൻ ഡക്കറ്റ് രംഗത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംമ്രയെ നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ബുംമ്ര തന്നെ ഞെട്ടിക്കുമെന്നൊന്നും കരുതുന്നില്ലെന്ന് ഡക്കറ്റ് പറഞ്ഞു.എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന്റെ പ്രകടനം അതിദയനീയമായിരുന്നു. ഏറ്റവും ഒടുവിൽ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് പോയപ്പോൾ 2–2 സമനിലയായിരുന്നു ഫലം.
‘നാട്ടിൽ കളിക്കുന്ന ഇന്ത്യൻ ടീമും വിദേശത്ത് കളിക്കുന്ന ഇന്ത്യൻ ടീമും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ട് അവർ ഞങ്ങൾക്ക് തോൽപ്പിക്കാനുള്ള ടീമേയുള്ളൂ. എന്തായാലും ഈ പരമ്പര ആവേശകരമാകുമെന്ന് തീർച്ചയാണ്.
ജസ്പ്രീത് ബുംമ്രയെ നേരിടുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കിലും, ബുംമ്രയിൽനിന്ന് വലിയ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ബുംമ്രയുടെ പന്തുകൾ തന്നെ ഞെട്ടിക്കുമെന്നും തോന്നുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
