ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ക്രിക്കറ്റ് പന്തുകളില്‍ തുപ്പല് തേക്കുന്നത് നിരോധിച്ചുള്ള നടപടി പുനഃപരിശോധിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . തീരുമാനം ബിസിസിഐ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്മാര്ക്ക് വിട്ടുനല്‍കിയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐപിഎൽ സീസണ് തുടങ്ങുന്നതിന് മുന്നോടിയായി പത്ത് ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്മാര് മാര്‍ച്ച് 20ന് മുംബൈയില്‍ ഒത്തുചേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്ചയില്‍ പന്തില്‍ തുപ്പല് തേക്കുന്നത് വിലക്കിയ നടപടി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
സ്വിങ് ലഭിക്കുന്നതിനായി തുപ്പലോ വിയര്‍പ്പോ പന്തിന്റെ ഒരു ഭാഗത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ടായിരുന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് പന്തില്‍ തുപ്പല് തേക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരോധിച്ചത്. കൊവിഡ് ഭീതി ഒഴിഞ്ഞെങ്കിലും വിലക്ക് ഐസിസിയോ ബിസിസിഐയോ ഇതുവരെ നീക്കിയിട്ടില്ല.
