ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. കൊൽക്കത്തൻ ക്യാമ്പിൽ നിന്നും പരിക്കു കാരണം പേസറായ ഉമ്രാൻ മാലിക്ക് പുറത്തായി. ഉമ്രാൻ മാലിക്കിന് പകരക്കാരനായി പേസറായ ചേതൻ സക്കറിയ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
2024 ലെ ഐപിഎല്ലിന് ശേഷം ഉമ്രാൻ മാലിക്ക് പരിക്കിനെത്തുടർന്ന് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിലും ഒരു മത്സരത്തിൽ മാത്രമാണ് ഉമ്രാൻ മാലിക്ക് കളിച്ചിട്ടുള്ളത്. 2021 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ശ്രദ്ധ നേടിയ താരമാണ് ജമ്മു കശ്മീറിൽ നിന്നുള്ള പേസറായ ഉമ്രാൻ മാലിക്.
മണിക്കൂറിൽ 150 കിമീ വേഗതയിലുള്ള പന്തുകൾ തുടർച്ചയായി എറിഞ്ഞാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്തെ താരത്തിന്റെ വേഗം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് താരത്തിന് പരിക്കേറ്റത്. ഇതിനകം മാലിക് 8 ടി20 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
