ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. ഇന്നലെ സെമിയിൽ വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയെ ആറ് റൺസിന് പരാജയപ്പെടുത്തിയിരുന്നു. ബ്രയാൻ ലാറയുടെ നേതൃത്വത്തിലിറങ്ങിയ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് 20 ഓവറിൽ 179 റൺസ് നേടിയപ്പോൾ കുമാർ സംഗക്കാരയുടെ നേതൃത്വത്തിലിറങ്ങിയ ശ്രീലങ്ക 173 റൺസിൽ ഓൾഔട്ടായി. കരീബിയർക്ക് വേണ്ടി ലാറ 41 റൺസും രാംദിൻ 50 റൺസും നേടി. അസേല ഗുണരത്നെ ശ്രീലങ്കയ്ക്ക് വേണ്ടി 66 റൺസ് നേടി.
ഷെയ്ൻ വാട്സണിന്റെ കീഴിലുള്ള ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ സെമിയിൽ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയിരുന്നു. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിനാണ് ഇന്ത്യ മാസ്റ്റേഴ്സ് തോൽപ്പിച്ചത്. 30 പന്തില്‍ 42 റൺസുമായി സച്ചിനും 59 റൺസുമായി യുവ്രാജും തിളങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാല് മത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്. അഞ്ചിൽ മൂന്ന് മത്സരം ജയിച്ചാണ് വെസ്റ്റ് ഇൻഡീസ് സെമിയിൽ പ്രവേശിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു.
