ഗുവാഹട്ടി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ തോൽവി വഴങ്ങി ഇന്ത്യ. 408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരി. ബാറ്റിങ് നിര വീണ്ടും തകര്‍ന്നടിഞ്ഞപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 140 റൺസിൽ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയിൽ ഒന്നിലധികം തവണ സമ്പൂർണ വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി.India suffers its heaviest defeat in history; South Africa sweeps Test series
549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 2ന് 27 എന്ന നിലയിലാണ് ബുധനാഴ്ച കളിയവസാനിപ്പിച്ചത്. അഞ്ചാം ദിനം 113 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. വീണ്ടും ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറി . സൈമണ്‍ ഹാമര്‍ 6 വിക്കറ്റുകള്വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് രണ്ടും സെനുരന്‍ മുത്തുസാമിയും ജന്‍സണും ഓരോ വിക്കറ്റുകളും നേടി.
നേരത്തെ ആദ്യ ഇന്നിങ്സില്‍ 489 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 201ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് കൂടി ചേര്‍ത്ത് ഡിക്ലയര്‍ ദക്ഷിണാഫ്രിക്ക ചെയ്യുകയായിരുന്നു.
