വൺഡേ ക്രിക്കറ്റിലെ ഐസിസി റാങ്കിംഗിൽ വലിയ മാറ്റം രേഖപ്പെടുത്തി. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തിളങ്ങിയിരുന്ന ഇന്ത്യൻ താരം രോഹിത് ശർമ്മയ്ക്ക് ഒടുവിൽ പടിയിറങ്ങേണ്ടി വന്നു. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ കരിയറിലെ നിർണായക നേട്ടം കുറിച്ച് ആദ്യ സ്ഥാനത്ത് പ്രവേശിച്ചതോടെയാണ് രോഹിത് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ നേടിയ സെഞ്ചുറിക്കുശേഷം ചെറിയൊരു റേറ്റിംഗ് വ്യത്യാസത്തിലാണ് രോഹിത് കിരീടം നഷ്ടപ്പെടുത്തിയത്.Rohit Sharma moves up to second spot in ICC rankings by one point
വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലാണ് പുതിയ നമ്പർ വൺ. വെറും ഒരു റേറ്റിംഗ് പോയിന്റ് വ്യത്യാസത്തിലാണ് മിച്ചൽ (782) ഒന്നാമതായത്, രോഹിത്തിന് 781 പോയിന്റാണ്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ മൂന്നാം സ്ഥാനത്ത് തുടരുന്നു.
വിൻഡീസിനെതിരായ കരിയറിലെ ഏഴാമത്തെ സെഞ്ചുറിയോടെ ഡാരിൽ മിച്ചൽ ചരിത്രം കുറിച്ചു. 1979-ൽ ഗ്ലെൻ ടർണറിന് ശേഷം ഐസിസി വൺഡേ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ കിവീസ് താരമായി മിച്ചൽ മാറിയിരിക്കുന്നു. മാർട്ടിൻ ക്രോ, മാർട്ടിൻ ഗുപ്റ്റിൽ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ എന്നിവർക്ക് ഒരിക്കലും ഒന്നാം സ്ഥാനത്ത് എത്താനായിരുന്നില്ല.
ഇന്ത്യൻ താരങ്ങളുടെ റാങ്കിംഗിൽ മാറ്റമില്ല. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലാം സ്ഥാനത്തും മുൻ നായകൻ വിരാട് കോലി അഞ്ചാം സ്ഥാനത്തുമാണ്. ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ പാകിസ്ഥാന്റെ ബാബർ അസം ഒരു സ്ഥാനം ഉയർന്ന് ആറാമതായി. അയർലൻഡിന്റെ ഹാരി ടെക്റ്റർ ഏഴാം സ്ഥാനത്തും ഇന്ത്യയുടെ ശ്രേയസ് അയ്യർ എട്ടാം സ്ഥാനത്തുമാണ്. ശ്രീലങ്കയുടെ ചരിത് അസലങ്ക ഒമ്പതാം സ്ഥാനത്തും വിൻഡീസിന്റെ ഷായ് ഹോപ്പ് പത്താം സ്ഥാനത്തുമാണ്.
പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ അഞ്ചു സ്ഥാനങ്ങൾ കയറി 22-ാം സ്ഥാനത്തെത്തി. സഹതാരം ഫഖർ സമാനും അഞ്ചു സ്ഥാനങ്ങൾ ഉയർന്ന് 26-ാം സ്ഥാനത്ത്. ബാബർ അസമിന് ഒരു സ്ഥാനനേട്ടം ലഭിച്ച് ഇപ്പോൾ ആറാം സ്ഥാനമാണ്.
