ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി.ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരാകുന്നത്. മഴ കാരണം വൈകി തുടങ്ങിയ ഫൈനലിൽ, ഇന്ത്യ 52 റൺസിനു ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് സ്വപ്നവിജയം സ്വന്തമാക്കി. സെമിയിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.Indian women win first ever World Cup title
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിൽ ഒതുങ്ങി. 78 പന്തിൽ 87 റൺസും രണ്ട് വിക്കറ്റും സ്വന്തമാക്കിയ ഷഫാലി വർമ്മയാണ് മത്സരത്തിലെ താരം. 215 റൺസും 22 വിക്കറ്റും നേടി ദീപ്തി ശർമ്മയെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തു.
ഇന്നിംഗ്സിൽ ദീപ്തി ശർമ്മ 58 റൺസും അഞ്ച് വിക്കറ്റുകളും നേടി. സ്മൃതി മന്ദാന 45 റൺസും സെമിയിൽ അത്ഭുത പ്രകടനം കാഴ്ചവെച്ച ജെമിമ റൊഡ്രിഗ്സ് 24 റൺസും നേടി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ സെഞ്ചുറി (101) പരാജയമായി. അവരെ കൂടാതെ മറ്റാർക്കും തിളങ്ങാനായില്ല. അയാബോംഗ ഖാക്ക മൂന്ന് വിക്കറ്റ് നേടിയെങ്കിലും ഇന്ത്യയുടെ വിജയകുതിപ്പ് തടയാനായില്ല.
