
തിരുവനന്തപുരം: ഇന്ത്യയിൽ നടക്കാനിരിക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരവും വേദിയാകുന്നു. ആദ്യം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ചില മത്സരങ്ങൾ, ഐപിഎൽ കിരീടം നേടിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന്റെ ആഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന്, തിരുവനന്തപുരത്തേക്ക് മാറ്റാനാണ് തീരുമാനം. എന്നാൽ, മത്സരങ്ങൾ മാറ്റുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.Thiruvananthapuram Karyavattom Stadium to host Women’s ODI Cricket World Cup
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ മുഴുവനായും മാറ്റിയാൽ, ലോകകപ്പിന്റെ ഉദ്ഘാടന വേദിയായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മാറും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. കൂടാതെ, ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും ഇവിടെ നടക്കും. ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന രണ്ടാം സെമിഫൈനലും കാര്യവട്ടത്തിൽ തന്നെ നടത്താൻ സാധ്യതയുണ്ട്.
മത്സരങ്ങൾ സെപ്റ്റംബർ 30-ന് ആരംഭിച്ച് ഒക്ടോബർ 30-ന് രണ്ടാം സെമിഫൈനലോടെ അവസാനിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് സംഘടിപ്പിക്കുക.