
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാർ തന്നെയാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിച്ചു. അസോസിയേഷന്റെ കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സ് ഈ പ്രതികരണം നൽകി.Messi visit: Government violated agreement
ലയണൽ മെസ്സിയും ടീമും ഇത്തവണ കേരളത്തിലെത്തില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ ഇതിനുമുമ്പ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറിൽ വരാനാവില്ലെന്നതാണ് അർജന്റീന അസോസിയേഷൻ അറിയിച്ചതെന്നും, കളി നടത്തുക ഒക്ടോബറിലേ കഴിയൂ എന്നതാണ് സ്പോൺസർമാരുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയും സംഘവും മെസ്സിയെ ക്ഷണിക്കാൻ സ്പെയിനിലെ മാഡ്രിഡിലേക്കു പോയ യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് 13,04,434 രൂപ ചെലവഴിച്ചതായാണ് രേഖകൾ.
സർക്കാർ പ്രതിക്കൂട്ടിലാണെന്നും “മെസ്സി മിസ്സിംഗ്” സംഭവമാണിതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിമർശിച്ചു. മെസ്സി കേരളത്തിലെത്തും എന്ന പ്രചാരണത്തിനുപിന്നിൽ യാഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എം.പി. ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കരാർ ലംഘിച്ചത് സർക്കാർ തന്നെയാണെന്ന് അർജന്റീന ഫെഡറേഷൻ പറയുമ്പോൾ, ചെലവഴിച്ച പണത്തിന് ഉത്തരവാദിത്വം വ്യക്തമാക്കണം, അല്ലെങ്കിൽ അത് ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.