അഹമ്മദാബാദ്: ഐപിഎൽ കിരീടത്തിൽ കോലി മുത്തമിട്ടതോടെ അവസാനിച്ചത് നീണ്ട 18 വർഷത്തെ കാത്തിരിപ്പാണ്. ഐപിഎൽ ഫൈനൽ മത്സരത്തിൽ പഞ്ചാബിനെ ആറു റൺസിനാണ് ബെംഗളുരു കീഴടക്കിയത്. അദ്യാവസാനം ആകാംക്ഷ നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോലിയും കൂട്ടരും കിരീടം സ്വന്തമാക്കുകയായിരുന്നു. ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീട നേടിയത് എന്നതും ശ്രദ്ധേയമാണ്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ. ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം നാലോവറിൽ 32 റൺസെടുത്തു. പ്രിയാൻഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവർ പ്ലേയിൽ സ്കോർ അമ്പത് കടത്തി. 19 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്.
എന്നാൽ രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്കോറുയർത്തി. എന്നാൽ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആർസിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാൽ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തിൽ നിന്ന് ഇംഗ്ലിസ് 39 റൺസെടുത്തു.
നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കർ റോളിലായിരുന്നു ഇന്നിങ്സ്. എന്നാൽ നായകൻ തകർത്തടിച്ചതോടെ ആർസിബി പത്തോവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. 11-ാം ഓവറിൽ പാട്ടിദാറും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 26 റൺസാണ് ആർസിബി നായകന്റെ സമ്പാദ്യം.
മധ്യഓവറുകളിൽ വേഗം റൺസ് കണ്ടെത്താനാവാത്തത് ആർസിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകൾ നേരിട്ട കോലിക്ക് 43 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്കോർ 170-കടന്നു. ലിവിങ്സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസും ജിതേഷ് ശർമ 10 പന്തിൽ നിന്ന് 24 റൺസുമെടുത്തു. റൊമാരിയോ ഷെഫേർഡ് 17 റൺസെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു. കൈൽ ജേമിസണും അർഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.
