യുവേഫാ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ചെല്‍സി. ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകര്‍ത്തത്. ആദ്യ പകുതിയില്‍ പിന്നിലായ ശേഷമായിരുന്നു എന്‍സോ മരെസ്കയുടെ ടീമിന്റെ അപരാജിത കുതിപ്പ്. 65ാം മിനിറ്റ് മുതൽ ഇഞ്ചുറി ടൈം വരെ നാല് ഗോളുകളാണ് ചെൽസി അടിച്ചെടുത്തത്.റയല്‍ ബെറ്റിസ് ആദ്യ ഗോൾ നേടിയത് മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആണ്. ഇസ്കോയുടെ അസിസ്റ്റില്‍ അബ്ദെ എസ്സാല്സൗലിയാണ് ഗോൾ നേടിയത്. ആദ്യ പകുതി വരെ സ്പാനിഷ് ടീം ആണ് കളം നിറഞ്ഞ് കളിച്ചത്. എന്നാൽ, 65-ാം മിനിറ്റ് മുതല്‍ കളി വരുതിയിലാക്കാൻ ചെൽസിക്ക് സാധിച്ചു.
കോള്‍ പാമറുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെൽസിക്കായി സ്കോർ തുറന്നു. 70-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണിന്റെ വക മറ്റൊരു മിസൈൽ. ഈ ഗോളിന് വഴിയൊരുക്കിയതും പാമറായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജാഡന്‍ സാഞ്ചോ 83-ാം മിനിറ്റിൽ മൂന്നാം ഗോള്‍ നേടിയ മേധാവിത്തം ഉറപ്പിച്ചു. അവസാനം ഇഞ്ച്വറി ടൈമില്‍ കഒസേദോയുടെ വക കൂടി ഗോള്‍ ആയതോടെ റയൽ ബെറ്റിസിൻ്റെ മേൽ ആറാമത്തെ ആണിയും അടിച്ച് ചെല്‍സി കിരീടം തൂക്കി.
