ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഗൗതം ഗംഭീർ. അത് പൂർണമായും വ്യക്തിപരമായ തീരുമാനമാണെന്നും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും ഗംഭീർ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗംഭീർ മനസ്സുതുറന്നത്. ‘കളി എപ്പോൾ തുടങ്ങണം, എപ്പോൾ അവസാനിപ്പിക്കണം എന്നത് വളരെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ആരെങ്കിലും എപ്പോൾ വിരമിക്കണമെന്ന് പറയാൻ ആർക്കും അവകാശമില്ല. അത് പരിശീലകനോ സെലക്ടറോ ഈ രാജ്യത്തെ ആരെങ്കിലുമോ ആകട്ടെ. അത് ഉള്ളിൽ നിന്നാണ് വരുന്നത്, ഗംഭീർ പറഞ്ഞു.
രോഹിതും കോഹ്ലിയും ഈ മാസമാദ്യമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറിയത്. ടീമിന് അവരുടെ അനുഭവപരിചയം നഷ്ടപ്പെടുമെന്ന് ഗംഭീർ സമ്മതിച്ചെങ്കിലും, യുവതാരങ്ങൾക്ക് ഈ നിമിഷം നൽകുന്ന അവസരത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘അതെ, അത് ബുദ്ധിമുട്ടായിരിക്കും, ഒരാൾക്ക് ഈ അവസരം നഷ്ടമാകുന്നത് പക്ഷെ മറ്റൊരാൾക്ക് രാജ്യത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുള്ള അവസരം നൽകിയേക്കാം, ഗംഭീർ കൂട്ടിച്ചേർത്തു.
