ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡല്‍ഹി ക്യാപിറ്റല്‍സ് ആവേശപ്പോരാട്ടം. പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.9 കളിയില്‍ നിന്ന് 12 പോയിന്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് നിന്ന് 7 പോയിന്റ് ആണ് ഉള്ളത്. ഇരു കൂട്ടരും നേര്‍ക്കുനേരെത്തുമ്പോള്‍ പോരാട്ടം കടുക്കും. ആര്‍സിബിയോട് തോറ്റ് രണ്ടാം ദിവസമാണ് ഡല്‍ഹി വീണ്ടും കളത്തിലിറങ്ങുന്നത്.
അവസാന നാല് മത്സരങ്ങളിൽ രണ്ടും തോറ്റതിന്റെ ആശങ്ക ക്യാപ്റ്റന്‍ അക്സറിനും സംഘത്തിനുമുണ്ട്. സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് പ്രശ്നങ്ങളുണ്ട് കെ.എല്‍.രാഹുലിന്. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും അടങ്ങുന്ന കൊല്‍ക്കത്ത സ്പിന്‍ നിരയ്ക്കെതിരെ കൂടുതല്‍ കരുത്തോടെ കളിക്കേണ്ടി വരും ഡല്‍ഹി ബാറ്റേഴ്സിന്.
പഞ്ചാബിനെതിരായ മഴ മുടക്കിയ മത്സരത്തിന് ലഭിച്ച ഒരു പോയിന്റിന്റെ ആശ്വാസമേ തല്ക്കാലം കൊല്ക്കത്തയ്ക്കുള്ളൂ. ഡി കോക്കിനും സുനില്‍ നരെയ്നും വെടിക്കെട്ട് തുടക്കം നല്കാന് സാധിക്കണം. എങ്കിലേ അജിന്‍ക്യ രഹാനയ്ക്കടക്കം കത്തിക്കയറാനാകൂ. വന്‍ തുക കൊടുത്ത് ടീമില്‍ നിലനിര്‍ത്തിയ വെങ്കടേഷ് അയ്യര്‍ ഫോമിലല്ല എന്നതും ടീമിന് പ്രശ്നമാണ്. ആന്ദ്ര റസലും റിങ്കു സിങ്ങും ഇംപാക്ട് ഉണ്ടാക്കാത്തതും ടീമിന് തിരിച്ചടിയാണ്.
