ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സിന് ജിവന്‍മരണപ്പോരാട്ടം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രാജസ്ഥാന്റെ എതിരാളികളായി എത്തുക. രാത്രി 7.30ന് ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്നത്തെ എവേ മത്സരത്തില്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ചേ മതിയാകൂ. എട്ട് കളികളില്‍ നാല് പോയിന്റ് മാത്രമുള്ള രാജസ്ഥാന് പോയിന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. എട്ട് കളികളില്‍ അഞ്ച് ജയുമായി പത്ത് പോയിന്റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്.
ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും ജയിച്ചിട്ടില്ലെന്ന മോശം റെക്കോര്‍ഡാണ് ആർസിബിയെ ആശങ്കയിലാഴ്ത്തുന്നത്. എന്നാൽ നായകൻ സഞ്ജു സാംസണിന്റെ അസാന്നിധ്യമാണ് രാജസ്ഥാന് റോയല്‍സിന്റെ തലവേദന. ടീമിനൊപ്പം ബെംഗളൂരുവിലെത്താതിരുന്ന സഞ്ജുവിന്റെ സാന്നിധ്യം ഇന്ന് ഡഗ് ഔട്ടിലുമുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജു പിന്നീട് ക്രീസിലിറങ്ങിയിട്ടില്ല. തുടര്‍ച്ചായി നാല് മത്സരങ്ങളില്‍ തോറ്റാണ് രാജസ്ഥാന് ഇന്ന് ബെംഗളൂരുവിനെതിരെ പോരിനിറങ്ങുന്നത്.
കളിച്ച രണ്ട് മത്സരങ്ങളിലും അവസാന ഓവറില്‍ 9 റണ്‍സ് അടിച്ച് ജയിക്കാനാവാതെയാണ് രാജസ്ഥാൻ മുട്ടുമടക്കിയത്. സഞ്ജുവിന്റെ അഭാവത്തില്‍ ഇന്നും റിയാൻ പരാഗ് തന്നെയാകും രാജസ്ഥാനെ നയിക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകരെ സന്തോഷിപ്പിക്കാന്‍ ഒരു ജയം അനിവാര്യമായ ആര്‍സിബിക്ക് അത് നേടാന്‍ രാജസ്ഥാനെക്കാള്‍ നല്ല എതിരാളികളെ കിട്ടാനില്ല. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഫോമിലല്ലാത്തതാണ് ആര്‍സിബി ബാറ്റിംഗ് നിരയുടെ പ്രധാന ആശങ്കകളിലൊന്ന്. വിരാട് കോഹ്ലി ഫോമിലാണെങ്കിലും ആദ്യം തന്നെ പുറത്തായാല്‍ ആര്‍സിബി സമ്മര്‍ദ്ദത്തിലാവും. നായകന് രജത് പാട്ടീദാറിനെ ഒഴിച്ചു നിര്‍ത്തിയാല്‍ മധ്യനിരയും അവസരത്തിനൊത്തുയര്‍ന്നിട്ടില്ല.
മറുവശത്ത് മുന്നില്‍ നിന്ന് നയിക്കേണ്ട നായകൻ റിയാന്‍ പരാഗിന്റെയും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റെയും ബാറ്റിംഗ് ഇന്ന് രാജസ്ഥാന് നിര്‍ണായകമാണ്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ പരാഗ് പുറത്തായതാണ് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ജയിച്ച ടീമില്‍ ആര്‍സിബി മാറ്റം വരുത്താനിടയില്ലെങ്കിലും രാജസ്ഥാന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ സന്ദീപ് ശര്‍മക്ക് പകരം ആകാശ് മധ്വാളിന് ഇന്നത്തെ മത്സരത്തിൽ അവസരം നല്‍കിയേക്കും. കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് മഴ ഭീഷണിയില്ലാത്തതിനാല്‍ മുഴുവന്‍ ഓവര്‍ മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം.
