ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങി നിൽക്കുന്ന ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഐപിഎൽ കിരീടത്തിനായി അവർ ശക്തമായ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉയർച്ചയ്ക്ക് കാരണമായത് മുന്നിൽ നിന്ന് നയിക്കുന്ന നായകൻ അക്സർ പട്ടേലാണ്.
സീസണിലെ ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ ഡൽഹി കളത്തിലെത്തി. ലഖ്നൗ ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം ഡൽഹി ഒരൊറ്റ വിക്കറ്റ് ബാക്കിയാക്കി മറികടന്നു. അശുതോഷ് ശർമയെ സ്വതന്ത്രമായി കളിക്കാൻ വിട്ട അക്സർ കടുത്ത സമ്മർദ്ദത്തെ കൈകാര്യം ചെയ്തു. തോൽവി മുന്നിൽ കണ്ടിടത്ത് നിന്നും ഡൽഹി തിരിച്ചുവന്നു. പിന്നെ വിജയങ്ങൾ തുടർക്കഥയായി. സീസണിൽ ആദ്യ നാല് മത്സരങ്ങളിലും ഡൽഹി ജയിച്ചു കയറുകയായിരുന്നു.
