
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ തോൽവിയിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. ഐപിഎൽ ടൂർണമെന്റിലുടനീളം കൊൽക്കത്ത ഓപ്പണർമാർ ബുദ്ധിമുട്ടുകയാണ് എന്നാണ് താരം പറഞ്ഞത്.
‘ഗുജറാത്ത് ഉയർത്തിയ 199 റൺസ് പിന്തുടരാൻ കഴിയുമെന്നാണ് കരുതിയത്. കൊൽക്കത്തയുടെ ബൗളിങ് മികച്ചതായിരുന്നു. ബാറ്റിങ്ങിൽ മികച്ച തുടക്കങ്ങൾ ലഭിക്കാൻ ടൂർണമെന്റിലുടനീളം കൊൽക്കത്ത ഓപ്പണർമാർ ബുദ്ധിമുട്ടുകയാണ്. വേഗത കുറഞ്ഞ പിച്ചായിരുന്നു ഈഡനിലേത്. എങ്കിലും ഗുജറാത്തിനെ 210 അല്ലെങ്കിൽ 200ന് താഴെ നിർത്തിയാൽ നല്ലതാണെന്ന് ഞങ്ങൾ കരുതി. കൊൽക്കത്ത കൂടുതൽ നന്നായി ബാറ്റ് ചെയ്യണം. പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ. കൊൽക്കത്തയ്ക്ക് മികച്ച ഓപണിങ് ബാറ്റിങ് ആവശ്യമാണ്’, മത്സരശേഷം അജിൻക്യ രഹാനെ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 39 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.