
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് കാരണം രാജസ്ഥാന് അവസാന ഓവറിൽ ബൗണ്ടറിയിൽ നാല് ഫീൽഡർമാരെ മാത്രമേ നിർത്താൻ കഴിഞ്ഞിരുന്നുള്ളു
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ കനത്ത തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി. ടീം നായകൻ സഞ്ജു സാംസൺ ഉൾപ്പെടെ എല്ലാ താരങ്ങൾക്കും കുറഞ്ഞ ഓവർ നിരക്കിന് ബിസിസിഐ പിഴ ചുമത്തി. സഞ്ജു സാംസണിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ, പ്ലേയിംഗ് ഇലവനിലെ മറ്റ് കളിക്കാർക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ (ഇതിൽ ഏതാണോ കുറവ്) പിഴയായി നൽകണം. ടീമിലെ ഇംപാക്ട് പ്ലേയർക്കും ഫൈൻ ബാധകമാണ്.
ഐപിഎൽ സീസണിൽ ഇത് രണ്ടാം തവണയാണ് കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ശിക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് സഞ്ജു സാംസണിന് ഇത്ര വലിയ തുക പിഴയായി ലഭിച്ചത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായിരുന്ന റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് കാരണം രാജസ്ഥാന് അവസാന ഓവറിൽ ബൗണ്ടറിയിൽ നാല് ഫീൽഡർമാരെ മാത്രമേ നിർത്താൻ കഴിഞ്ഞിരുന്നുള്ളു. ഇതോടെ സന്ദീപ് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ 16 റൺസാണ് രാജസ്ഥാൻ വഴങ്ങേണ്ടി വന്നത്.