അഹമ്മദാബാദ്: ഐപിഎല്ലിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് അഞ്ചാം മത്സരത്തിന് ഇറങ്ങും. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികളായി എത്തുക. വൈകിട്ട് 7.30ന് അഹമ്മദബാദ് സ്റ്റേഡിയത്തിലാണ് മത്സരം. റയാന് പരാഗ് നായകനായ ആദ്യ രണ്ട് കളിയും തോറ്റ് തുടങ്ങിയ രാജസ്ഥാന് അവസാന രണ്ട് കളിയും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നത്.മികച്ച ബാറ്റിംഗ് ടീമായ പഞ്ചാബിനെതിരെ 50 റൺസ് ജയം നേടിയത് ടീമിന് നല്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സ്റ്റാർ ബാറ്റർ യശസ്വി ജയ്സ്വാളും പേസർ ജോഫ്രേ ആർച്ചറും ഫോം വീണ്ടെടുത്തത് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് കാത്തിരിക്കുകയാണ് ആരാധകർ. റിയാൻ പരാഗും നിതീഷ് റാണയും ഹെറ്റ്മെയറും ധ്രുവ് ജുറലും എല്ലാം അടങ്ങുന്ന രാജസ്ഥാൻ ബാറ്റിംഗ് നിര ഗുജറാത്തിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷ.
ആദ്യ മത്സരത്തിലെ തോൽവിയില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ ഗുജറാത്ത് പിന്നീട് തുടരെ മൂന്ന് ജയങ്ങളുമായി വിന്നിംഗ് മൂഡിലാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഗില്ലിന്റെ ടൈറ്റൻസ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഗുജറാത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ഗില്ലും ബട്ലറും വാഷിംഗ്ടൺ സുന്ദറും അടങ്ങുന്ന ബാറ്റിംഗ് നിര അപകടകാരികളാണ്. മിന്നും ഫോമിലുള്ള സ്റ്റാർ പേസർ മുഹമ്മദ് സിറാജും ശ്രദ്ധാ കേന്ദ്രമാകും. രാജസ്ഥാനെതിരെ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു.
