റേഡിയോളജിയുമായി ബന്ധപ്പെട്ട ജോലികളിൽ 65 ശതമാനവും മെഡിക്കൽ ലബോറട്ടറികളിൽ 70 ശതമാനവും ന്യൂട്രീഷ്യൻ, ഫിസിയോ തെറാപ്പി തൊഴിലുകളിൽ 80 ശതമാനവുമാണ് രണ്ട് ഘട്ടങ്ങളായി സ്വദേശിവത്കരിക്കാൻ പോകുന്നത്.
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ റേഡിയോളജി, ലബോറട്ടറികൾ, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ എന്നീ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം അടുത്ത മാസം 17ന് നടപ്പാകും. റേഡിയോളജിയുമായി ബന്ധപ്പെട്ട ജോലികളിൽ 65 ശതമാനവും മെഡിക്കൽ ലബോറട്ടറികളിൽ 70 ശതമാനവും ന്യൂട്രീഷ്യൻ, ഫിസിയോ തെറാപ്പി തൊഴിലുകളിൽ 80 ശതമാനവുമാണ് രണ്ട് ഘട്ടങ്ങളായി സ്വദേശിവത്കരിക്കാൻ പോകുന്നത്.
ആദ്യഘട്ടത്തിൽ റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ മുഴുവൻ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും ബാക്കി പ്രദേശങ്ങളിലെ വൻകിട ആരോഗ്യ സ്ഥാപനങ്ങളും ഉൾപ്പെടും. ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മുഴുവൻ ആരോഗ്യസ്ഥാപനങ്ങളും ഉൾപ്പെടും. സ്വകാര്യമേഖലയിലെ നാല് ആരോഗ്യ മേഖലകൾക്കുള്ള സൗദിവൽക്കരണ നിരക്ക് ഉയർത്താനുള്ള തീരുമാനങ്ങൾ 2024 ഒക്ടോബർ 16നാണ് മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുകയെന്നും ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസത്തിനുശേഷം ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുതിയ നിയമം എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
