
കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമുള്ള മദ്യം കഴിച്ചതിനെ തുടർന്ന് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അഹമ്മദി ഗവർണറേറ്റിൽ നിന്നുള്ള 10 വ്യത്യസ്ത റിപ്പോർട്ടുകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രാദേശിക അറബ് ദിനപത്രം അറിയിച്ചു. വിഷമദ്യം കഴിച്ച് നിരവധി പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നതായും സൂചനയുണ്ട്.Poisonous alcohol in Kuwait: Ten expatriates die
കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15ഓളം പ്രവാസികളെ വിഷബാധ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇവരിൽ പത്ത് പേർ മരിച്ചു. മരിച്ചവർ മുഴുവൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും, പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നുള്ള വിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
എല്ലാ മരണങ്ങളും ഒരേ ദിവസത്തിൽ സംഭവിച്ചിട്ടില്ല; ഒരാഴ്ചയ്ക്കുള്ളിലാണ് ഇവ നടന്നതെന്നാണ് വിവരം. വിഷയത്തിൽ കുവൈത്ത് പോലീസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.