മസ്കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പലും മറ്റൊരു അന്താരാഷ്ട്ര ടാങ്കറും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തം വലിയ അപകടമായി മാറി. യു.എ.ഇയിലെ ഖോർഫക്കാനിൽ നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. പ്രാദേശിക സമയം പുലർച്ചെ 1.40നാണ് അപകടം നടന്നത്.American oil tanker collides in the Sea of Oman
ഇറാഖിലെ ബസറ ഓയിൽ ടെർമിനലിൽ നിന്ന് പുറപ്പെട്ട ‘ഫ്രണ്ട് ഈഗിൾ’ എന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ചൈനയിലെ സൗഷാൻ തുറമുഖം ലക്ഷ്യമാക്കി 12.8 നോട്ട് വേഗത്തിൽ മുന്നേറുകയായിരുന്നു കപ്പൽ. ഈ ടാങ്കറാണ് ആന്റിഗ ആന്റ് ബർബുഡാ പതാകയിലുള്ള ‘അഡലിൻ’ എന്ന മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചത്.
അഡലിൻ കപ്പലിലെ 24 നാവികരെ യു.എ.ഇ അധികൃതർ രക്ഷപ്പെടുത്തി. എന്നാൽ ഫ്രണ്ട് ഈഗിളിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അമേരിക്കൻ കപ്പലിന് എഞ്ചിൻ തകരാറോ നാവിഗേഷൻ സംവിധാനത്തിലെ പ്രശ്നങ്ങളോ കാരണം ഉണ്ടായതാകാമെന്നാണ് സമുദ്രനിരീക്ഷകരുടെ വിലയിരുത്തൽ. അപകടം ഉണ്ടായശേഷം കപ്പലിന്റെ വേഗത 0.6 നോട്ടായി കുറഞ്ഞുവെന്നും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ ആക്രമണം ആസൂത്രിതമായതാകാമെന്ന അഭ്യൂഹങ്ങൾ ചില സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കപ്പലുകളിൽ തീപടർന്ന ദൃശ്യങ്ങളും വലിയതോതിൽ പ്രചരിച്ചിരുന്നു.
അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും അധിക വിവരങ്ങൾ ഉടൻ പുറത്തുവരാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
