അബുദാബി: യു.എ.ഇയിൽ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം നടന്നത്. അജ്മാനിൽ നിന്ന് ഷാർജയിലേക്ക് പോകുകയായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായാണ് അപകടം ഉണ്ടായത്. പത്തിമൂന്നു വിദ്യാർത്ഥികളും ഒരു അധ്യാപികയും പരിക്കേറ്റവരിലുണ്ട്. സംഭവം നടന്ന് 13 മിനിറ്റിനുള്ളിൽ നാഷണൽ ആംബുലൻസിന്റെ അടിയന്തര മെഡിക്കൽ ടീം സ്ഥലത്തെത്തി. ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകി അവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഈദ് അൽ അദ്ഹ അവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും ആരംഭിച്ച ആദ്യ ദിവസമായിരുന്നു അപകടം നടന്നത്. റോഡ് സുരക്ഷയെ പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അധികൃതർ വാഹന ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അവർ ഓർമിപ്പിച്ചു. അമിതവേഗം, അശ്രദ്ധ തുടങ്ങിയവ അപകടങ്ങൾക്ക് ഇടയാക്കുമെന്നും, ഇത്തരം സംഭവങ്ങളിൽ 200,000 ദിർഹം വരെ പിഴ ചുമത്തപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
