അബുദാബി: അബുദാബിയിൽ ഇനി പെർമിറ്റില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ പിഴ ഈടാക്കും. 8000 ദിർഹം വരെ പിഴ ചുമത്തുമെന്ന് നഗരസഭ, ഗതാഗത വിഭാഗം അറിയിച്ചു. ആദ്യഘട്ടത്തിൽ നിയമലംഘകർക്ക് 2000 ദിർഹം പിഴ ചുമത്തും. പരസ്യത്തിനുള്ള പെർമിറ്റ് പുതുക്കാതെ പരസ്യ പ്രദർശനം തുടർന്നാലും ഇതേ തുകയാണ് പിഴ ചുമത്തുക. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ 4000 ദിർഹമാണ് പിഴ ചുമത്തുക.
മൂന്നാം തവണ നിയമലംഘനം ആവർത്തിച്ചാൽ പിഴ 8000 ദിർഹമായി വർധിക്കും. പെർമിറ്റ് ലഭിക്കാനും പുതുക്കാനും നിലവിലുള്ളതു റദ്ദാക്കാനും സർക്കാർ സേവന പ്ലാറ്റ്ഫോമായ താം (TAMM) വഴി അപേക്ഷിക്കണം. പരസ്യത്തിലെ ഉള്ളടക്കം സഹിതമാകണം അപേക്ഷിക്കേണ്ടത്. പരസ്യപ്പലകയുടെ അളവ്, സുരക്ഷിതമായി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങൾ, കെട്ടിടയുടമയുടെ സമ്മതപത്രം, സ്ഥാപിക്കുന്ന മേഖല/കെട്ടിടം എന്നിവയുടെ ചിത്രവും അപേക്ഷയ്ക്കൊപ്പം വെക്കണം.അതേസമയം പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന് മുൻപും ശേഷവും ചിത്രങ്ങൾ നൽകണമെന്നാണ് നിർദേശം. കെട്ടിടങ്ങൾക്ക് മുകളിലും മുൻപിലും പരസ്യബോർഡുകൾ വെയ്ക്കുന്നത് നഗരഭംഗിക്ക് കോട്ടം തട്ടാത്ത വിധത്തിലാകണം. പല വലുപ്പത്തിലുള്ള ബോർഡുകൾ അനുവദിക്കില്ല. സ്ഥാപിക്കുന്ന ഇടങ്ങളുടെ രൂപം, ബോർഡുകളുടെ ശുചിത്വം എന്നിവയും പെർമിറ്റിനു മുൻപു പരിശോധിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
