അബുദാബി: നിയമലംഘനം കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ രണ്ട് വിദേശ ബാങ്കുകളുടെ ശാഖകൾക്ക് വൻ തുക പിഴ ചുമത്തി സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെയുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ബാങ്കുകൾക്കെതിരെയാണ് സെന്‍ട്രല്‍ ബാങ്കിൽ നടപടി. രണ്ട് ബാങ്കുകള്‍ക്കും കൂടി 1.81 കോടി ദിർഹമാണ് പിഴ അടയ്ക്കേണ്ടത്. ഒരു ബാങ്കിന് 1.06 കോടി ദിർഹമും രണ്ടാമത്തെ ബാങ്കിന് 75 ലക്ഷം ദിർഹമുമാണ് പിഴ വിധിച്ചത്.
സെന്‍ട്രല്‍ ബാങ്ക് നടത്തിയ അന്വേഷണത്തില്‍ രണ്ടു ബാങ്കുകളും നിയമലംഘനം നടത്തി എന്നത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി. നിയമലംഘനം നടത്തിയ ബാങ്കുകളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ നിരവധി നടപടികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബാങ്കുകൾക്കെതിരായ ഈ നടപടി.
