കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരുമെന്നും അത് ലക്ഷ്യമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. 2026 ൽ ആര് നയിക്കണം, ആര് മുഖ്യമന്ത്രിയാകണം എന്നൊക്കെ അപ്പോഴേ തീരുമാനിക്കുകയുള്ളൂ. മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും ആവശ്യമായ തിരുത്തൽ വരുത്തിയാണ് സമ്മേളനങ്ങൾ സമാപിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നവ കേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. സമ്മേളനത്തിലെ ചർച്ചക്ക് ശേഷം അന്തിമ രൂപം നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ആശാവർക്കർമാർ ശത്രുക്കളല്ല. അവരുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്. സർക്കാർ ആശാവർക്കർമാർക്ക് അനുകൂലമായ സമീപനം തന്നെ സ്വീകരിക്കും. ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കണം എന്നു തന്നെയാണ് സിപിഐഎമ്മിന്റെയും ആഗ്രഹം. ആശാവർക്കർമാരോട് ശത്രുതാപരമായ ഒരു നിലപാടും ഇല്ല. രാഷ്ട്രീയമായി ഇടപെടൽ നടത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ആശാവർക്കുമാരുടെ സമരം ആരംഭിച്ചത് സിഐടിയു യൂണിയനാണ്. ഞങ്ങളാരും ഒരു സമരത്തിനും എതിര് നിൽക്കുന്നവരല്ല. ആശാവർക്കർമാരുടെ സമരത്തിൽ എസ്ഡിപിഐ ഉണ്ട്, ജമാഅത്തെ ഇസ്ലാമിയുണ്ട് എസ്യുസിഐ ഉണ്ട്. കേരളത്തിന്റെ വികസനത്തിന് എതിരായി നിൽക്കുന്ന ടീമാണിത്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെയും ഇവർ രംഗത്ത് വന്നിരുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം ലഭിച്ചു. കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട ചില വാർഡുകളിൽ എസ്ഡിപിഐ വിജയിക്കാൻ കാരണമായി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെയും എസ്ഡിപിഐയുടെയും ഈ സഖ്യം തുടരും എന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വിമർശിച്ചു. ഒരു ഭാഗത്ത് ബിജെപിയുമായി മറുഭാഗത്ത് എസ്ഡിപിഐയുമായി കോൺഗ്രസ് കൂട്ട് കൂടുന്നു. തിരുവനന്തപുരം ശ്രീവരാഹം വാർഡിലും കോൺഗ്രസ് വോട്ടുകൾ കുത്തനെ കുറഞ്ഞു. ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു. എന്നിട്ടും ശ്രീവരാഹത്ത്എൽഡിഎഫിന് ജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
