തിരുവന്തപുരം കേരള സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിൽ സംഘര്‍ഷാവസ്ഥ. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പൊലീസ് ബസിന് മുകളിൽ കയറി പ്രതിഷേധിച്ച എസ്എഫ്ഐ നേതാവ് നന്ദനെ ഉദ്യോഗസ്ഥര്‍ വാഹനത്തിന് മുകളില്‍ കയറി താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വാഹനത്തിന് മുകളില്‍ തന്നെ നേതാവിനെ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ മറ്റുപ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ഉപരോധം തുടരുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പി എം ആര്‍ഷോയും സ്ഥലത്തെത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കേരള യൂണിവേഴ്സിറ്റി യൂണിയനെ വൈസ് ചാന്‍സലര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കില്ലെന്നാരോപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള യൂണിവേഴ്സിറ്റി സബ്സെന്ററിലേക്ക് കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉടലെടുത്തിരുന്നു.
