കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുൻപായി താൻ സിപിഐഎമ്മുമായി സഹകരിക്കില്ലെന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും വ്യക്തമാക്കിയ സിപിഐഎം കൗൺസിലർ കല രാജു പങ്കെടുത്ത ആദ്യ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. കോടതിക്ക് മുൻപാകെ കല രാജു നൽകിയ രഹസ്യമൊഴിയിലും കൗൺസിലിൽ വാദപ്രതിവാദമുണ്ടായി. തുടർന്ന് ദയാസിന് മുൻപാകെ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ കല രാജുവും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധിച്ചു. ഇനി സിപിഐഎംലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കല രാജു യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൗൺസിലർ സ്ഥാനം രാജി വെയ്ക്കില്ലെന്നും കല രാജു നഗരസഭ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
ജനുവരി 18ന് നടുറോഡിൽ വെച്ച് സിപിഐഎം കൗൺസിലറായ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന ആരോപണമാണ് കൂത്താട്ടുകുളത്തെ സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള് പരാതി നല്കുകയും സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു. കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.
