അനില്‍ ബാലകൃഷ്ണന്
കേരളത്തെ അപടലം ബാധിച്ചിരിക്കുന്ന രാസലഹരിയെന്ന ദുര്‍ഭൂതത്തെ നേരിടുന്ന കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ച നിയമസഭയില്‍ നടക്കുമ്പോഴാണ് പാവം രമേശ് ചെന്നിത്തല സംപൂജ്യനായ മുഖ്യമന്ത്രി എന്ന അര്‍ത്ഥത്തില്‍ പിണറായി വിജയനെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് സംബോധന ചെയ്യുന്നത്. പക്ഷേ ‘മിസ്റ്റര്‍’ എന്നതിലെ മുന മുഖ്യമന്ത്രിക്ക് എളുപ്പം പിടികിട്ടി. കാര്യം ഡബിള്‍ ലിവറ(ഇരട്ടച്ചങ്ക)നൊക്കെയാണ് പിണറായിയെങ്കിലും മാടപ്രാവിന്റേതാണ് ചങ്ക് രണ്ടുമെന്ന് ആര്‍ക്കാണറിയാത്തത്. മുഖ്യമന്ത്രി ക്ഷുഭിതനായില്ലെങ്കിലേ അതിശയമുള്ളൂ.’ഇടയ്ക്കിടയ്ക്ക് ഇങ്ങനെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര.കേരളത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കണം’ എന്ന് കുലീനമായി പറഞ്ഞാണ് മുഖ്യമന്ത്രി ചങ്കു നോവിച്ച ആ പ്രയോഗത്തോട് പ്രതികരിച്ചത്. പണ്ട് തീവണ്ടി യാത്രയ്ക്കിടെ കരണത്തടിച്ച് പല്ലു തെറിപ്പിച്ച വെള്ളക്കാരനോട് മഹാത്മാ ഗാന്ധി ചോദിച്ചത് ‘അങ്ങയുടെ കൈ വേദനിച്ചോ’ എന്നാണ്.
മഹാത്മാക്കള്‍ അങ്ങിനെയാണ്. പിണറായി മഹാത്മാ വായി മാറിക്കഴിഞ്ഞ കാലമായതു കൊണ്ടാണ് ഇങ്ങനെ. പഴയ പിണറായിയായിരുന്നെങ്കില്‍ കാണാമായിരുന്നു. വാക്കുകള്‍ പ്രയോഗിക്കേണ്ടതെങ്ങിനെയാവണം എന്നതു സംബന്ധിച്ച് മഹത്തുക്കളെ ഉദ്ധരിച്ച് ഒരു നല്ല പ്രഭാഷണവും ആ സഭാതലത്തില്‍ തന്നെ മുഖ്യമന്ത്രി നടത്തി.ശ്രീനാരായണ ഗുരു, പന്തളം കേരളവര്‍മ്മ, ഉള്ളൂര്‍ എന്നിവരിലൂടെ വളര്‍ന്ന് എഴുത്തച്ഛനില്‍ എത്തിയിട്ടേ അദ്ദേഹത്തിന്റെ സുഭാഷിതം അവസാനിച്ചുള്ളൂ.
കാംപസുകളില്‍ കലാപമുണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍ ‘കൊല്ലുന്നതുമെങ്ങനെ ജീവികളെ’ എന്ന ശ്രീനാരായണ ഗുരുവിന്റെ കാവ്യശകലം പഠിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. (രക്ഷാപ്രവര്‍ത്തനം കുറ്റകരമല്ലെന്ന ഒരു ആധുനിക കവിത അതേ സമയം അന്തരീക്ഷത്തില്‍ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു ) ‘കോപംകൊണ്ടു ശപിക്കരുതാരും’ എന്നൊക്കെയുള്ള കാവ്യശകലങ്ങള്‍ക്ക് പുതിയ കാലത്ത് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തപ്പോള്‍ മൂക്കത്ത് വിരല്‍ വച്ചാണ് സഭ അത് കേട്ടിരുന്നത്.(‘കടക്ക് പുറത്ത്’, ‘അമ്മാതിരി പറച്ചിലൊന്നും ഇങ്ങോട്ടു വേണ്ട’, ‘എടോ ഗോപാലകൃഷ്ണാ’ തുടങ്ങിയ പഴയകാല വാവിട്ട വാക്കുകള്‍,ആ സമയം സഭാതലത്തില്‍ പ്രതിധ്വനിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് ) ‘നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പൂര്വ്വാശ്രത്തില് അദ്ദേഹം പറഞ്ഞു പോയ ‘പരനാറി’, ‘നികൃഷ്ട ജീവി’ എന്നിങ്ങനെയുള്ള വാമൊഴി വഴക്കങ്ങളൊക്കെ നാണിച്ച് തലതാഴ്ത്തിയിട്ടുണ്ടാവണം.
‘ദുഷ്ടസംസര്‍ഗം വരാതെയായീടണം, ശിഷ്ടരായുള്ളവര്‍ തോഴരായീടണം’ എന്ന വരികള്‍ ഉദ്ധരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം കാലാകാലം കൂട്ടുകൂടിയിരുന്ന എത്രയോ ദുഷ്ടന്മാര് ഒഴിഞ്ഞു പോവുകയും,വാതില്ക്കല് ആട്ടും തുപ്പും കൊണ്ട് കാത്തു നിന്ന ശിഷ്ടന്മാര് തിക്കിത്തിരക്കി അദ്ദേഹത്തിനരികിലെത്തി കണ്ണീര് വാര്‍ക്കുകയും ചെയ്തിരിക്കുമെന്നതില്‍ സംശയമില്ല. ‘നമുക്കു നാമേ പണിവതു നാകം, നരകവുമതു പോലെ’ എന്നതു പോലുള്ള കാവ്യ ഭാഗങ്ങള്‍ കുട്ടികളെ മനസിലാക്കിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ‘ എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം ‘ എന്ന ഗാന്ധിയന്‍ വചനം ആരെങ്കിലുമോര്ത്തു പോയെങ്കില്‍ കുറ്റം പറയുന്നതെങ്ങിനെ?
എത്ര അടുപ്പമുണ്ടെങ്കിലും അച്ഛനെ അളിയാ എന്നു വിളിക്കാനാവില്ലല്ലോ. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്ററിയല്ല എന്ന രമേശ് ചെന്നിത്തലയുടെ സഭയ്ക്കു പുറത്തെ വിശദീകരണം അംഗീകരിച്ചാല്‍ വരും ദിവസങ്ങളില്‍ ‘ഭവാന്റെ ശിരസ്സു തകര്‍ന്ന് അന്തരിക്കട്ടെ ‘തുടങ്ങിയ പാര്‍ലമെന്ററി പ്രയോഗങ്ങളുമായി ഓരോരുത്തര് വന്നേക്കുമെന്ന് അറിയാത്ത ആളല്ല മുഖ്യമന്ത്രി.
നേരേ വാ, നേരേ പോ എന്നായാല്‍ മുഖ്യമന്ത്രിക്ക് പരാതിയില്ല. പുറമേ മിസ്റ്റര്‍ എന്നു വിളിക്കുകയും ഉള്ളില്‍ വേറെ പുളിച്ച ചിലത് ഒളിപ്പിക്കുകയും ചെയ്യുന്നത് ചെന്നിത്തലയുടെ ബുദ്ധിയാണ്. പ്രതിപക്ഷ നിരയില്‍ നിന്നു പോലും ഈ ബുദ്ധിക്ക് മതിയായ പിന്തുണ കിട്ടിയുമില്ല. ആകെ പിന്തുണച്ചതാകട്ടെ അടുത്ത തവണ മിസ്റ്റര്‍ ചീഫ് മിനിസ്റ്ററാകാന്‍ കുപ്പായത്തിന്റെ അളവെടുത്ത് കാത്തിരിക്കുന്ന മുന്‍നിര കോണ്ഗ്രസ്സുകാരിലൊരാളും നിലവില്‍ പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന് മാത്രം. അടുത്ത ദിവസം പുത്തന്‍ കൂറുകാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു തവണ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പ്രയോഗിച്ചെങ്കിലും ‘പോയി തരത്തിന് കളിക്ക് ചെക്കാ’ എന്ന ഭാവത്തിലിരുന്നതല്ലാതെ ഭരണപക്ഷമോ പ്രതിപക്ഷമോ പ്രതികരിച്ചില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂവത്തൂര്‍ ചിത്രസേനനെ നിയമസഭയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ ഭരണ-പ്രതിപക്ഷകക്ഷികള്‍ തയ്യാറാവണം. പ്രഭാവര്‍മ്മയെ ബി ജെ പിക്കാരുടെ കൂടി പിന്തുണയോടെ രാജ്യസഭയിലേക്കയക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിക്കുവേണ്ട പ്രസംഗങ്ങള്‍ എവിടെയിരുന്നു മെഴുതാമല്ലോ. മൂന്നാമതും മുഖ്യമന്ത്രിയായി പിണറായി വരുമ്പോള്‍ അതത് വിശേഷാവസരങ്ങളില്‍ പാടാന്‍ സൗജന്യമായി വാഴ്ത്തുപാട്ടുകള്‍ എഴുതുന്നതിന് പൂവത്തുരിനെപ്പോലൊരാള് സഭയിലുണ്ടാവുന്നതാണ് നല്ലത്. അതുവരെ നമുക്ക് വാഴത്തിപ്പാടാന് ലൂസിഫര്‍ സിനിമയിലെ എം പുരാനേ എന്നു തുടങ്ങുന്ന പാട്ടുണ്ടല്ലോ..
പാടാം..
എമ്പു..രാ…നേ…..
സി – എം… പുരാനേ….
