
കൊച്ചി: കെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്. എറണാകുളം യൂണിറ്റിലെ ജീവനക്കാരനും സിഐടിയുനേതാവുമായ പി ബി സിറാജുദ്ദീനെ ആണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത ബജറ്റ് ടൂറിസം പദ്ധതിയെ ആണ് ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതാവ് ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്.
എറണാകുളം യൂണിറ്റിലെ ബജറ്റ് ടൂറിസത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇയാൾക്കെതിരെ നിരവധി പരാതികൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നെങ്കിലും രേഖാമൂലമുള്ള പരാതികളായി അത് മാറിയിരുന്നില്ല.
കഴിഞ്ഞ ജനുവരിമാസം അഞ്ചാം തീയതി കാന്തല്ലൂരിലേക്കുള്ള ഉല്ലാസയാത്രയുമായി ബന്ധപ്പെട്ടാണ് രേഖമൂലമുള്ള ആദ്യ പരാതി ഉയരുന്നത്. ഉല്ലാസയാത്രയിൽ പങ്കെടുക്കുന്നതിനായി രണ്ടു കുടുംബങ്ങൾ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ഉല്ലാസയാത്ര ക്യാൻസൽ ചെയ്തതായി അവർ അറിയുന്നത്. ഇതേ തുടർന്ന് ഇരുകൂട്ടരും പരാതി നൽകുകയായിരുന്നു. പ്രധാനമായും ഇയാൾ സാമ്പത്തിക ഇടപാടുകൾ ഒക്കെ നടത്തിയത് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ആയിരുന്നു. ഗൂഗിൾ പേ വഴിയാണ് പലരിൽ നിന്നും പണം വാങ്ങിയത്. സ്വന്തം നിലയിൽ പണം കൈപ്പറ്റി തിരിമറി നടത്തുന്ന രീതിയായിരുന്നു ഇയാൾ പിന്തുടർന്നത്. അതോടൊപ്പം തന്നെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ മറ്റുള്ളവർക്ക് നൽകി ആ പണം കണക്കിൽ രേഖപ്പെടുത്താതെ തട്ടിയെടുത്തെന്നും ആരോപണമുണ്ട്.
കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് മാത്രമേ പണം സ്വീകരിക്കാവൂ എന്നുള്ളപ്പോഴാണ് ഇയാൾ സ്വന്തം നിലയിൽ വ്യാപകമായി പണം കൈപ്പറ്റിയത്. ഉല്ലാസയാത്ര താല്പര്യമുള്ളവരുടെ ഗ്രൂപ്പുകളിലും മറ്റും വ്യാജ ടൂർ ട്രിപ്പുകളുടെ പോസ്റ്ററുകൾ തയ്യാറാക്കി പോസ്റ്റ് ചെയ്യുകയും അക്കൗണ്ടിലേക്ക് പണപ്പിരിവ് നടത്തുകയും ചെയ്യുന്ന രീതിയായിരുന്നു ഇയാൾ അവലംബിച്ചിരുന്നത്. ഇത്തരത്തിൽ നിരവധിപേരിൽ നിന്നും പണം പിരിച്ചതായി അറിയുന്നു. ഇരയായതിൽ ഏറെയും പ്രായംചെന്നവർ ആണെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ പലരും പരാതിയുമായി രംഗത്തുവന്നിട്ടില്ല. ജനുവരി 19ന് എറണാകുളത്തു നിന്നും മാമലക്കണ്ടത്തേക്ക് നടത്തിയ ഉല്ലാസയാത്രയിലെ സാമ്പത്തിക തിരിമറിയാണ് ഇപ്പോൾ സസ്പെൻഷനിലേക്ക് എത്തിച്ചിരിക്കുന്നത്.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രിപ്പ് ഷീറ്റ് നൽകണമെന്നുള്ള നടപടിക്രമം പോലും ഇയാൾ പാലിക്കുമായിരുന്നില്ല. തിരിമറി സംശയത്തെ തുടർന്ന് യോഗം വിളിച്ചെങ്കിലും പ്രസ്തുത യോഗത്തിലും ഇയാൾ ട്രിപ്പ് ഷീറ്റ് നൽകുവാൻ തയ്യാറായിരുന്നില്ല. തുടർന്ന് അന്വേഷണ വിധേയമായി ജനുവരി 10ന് സസ്പെൻഡ് ചെയ്തുവെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. എറണാകുളം കെഎസ്ആർടിസി യൂണിറ്റിലെ സിപിഎമ്മിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും ഇയാളാണെന്ന് അറിയുന്നു. സിപിഎം ഉന്നത നേതാക്കളുമായി സിറാജുദ്ദീന് അടുത്ത ബന്ധമാണെന്നും പറയപ്പെടുന്നു.
തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്ന് ആരോപണങ്ങൾ ഉയരുന്നതി നിടയിലാണ് കേവലം സസ്പെൻഷനിലേക്ക് നടപടി ഒതുക്കുന്നതെന്നും ശ്രദ്ധേയമാണ്.