
കുമ്പളങ്ങിയുടെ സമീപ പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കളത്ര മേഖലയിലെ ചെമ്മീൻ കെട്ടുകളിലും കായലോരങ്ങളിലും കവര്‍ കണ്ടുത്തുടങ്ങി.
വീണ്ടുമൊരു കവര്‍ സീസൺ കൂടിയെത്തി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച കവര്‍ അഥവാ കായലിലെ നീല വെളിച്ചം ഇപ്പോൾ കുമ്പളങ്ങിയിൽ മാത്രമല്ല ദൃശ്യമാകുന്നത്. കുമ്പളങ്ങിയുടെ സമീപ പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കളത്ര മേഖലയിലെ ചെമ്മീൻ കെട്ടുകളിലും കായലോരങ്ങളിലും കവര്‍ കണ്ടുത്തുടങ്ങി. പക്ഷേ, മുൻ വർഷങ്ങളിൽ കവര്‍ ദൃശ്യമായിരുന്ന കുമ്പളങ്ങിയിലെ പല സ്ഥലങ്ങളിലും ഇക്കുറി കവര്‍ എത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ കണ്ടും കേട്ടറിഞ്ഞും ഒട്ടേറെ ആളുകൾ കുമ്പളങ്ങിയിലേക്ക് എത്തുന്നുണ്ടെങ്കിലും പലർക്കും നിരാശയാണ് ഫലം. കവര്‍ സ്പോട്ട് എന്ന് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സ്ഥലങ്ങളിലെത്തുന്ന ഭൂരിഭാഗം ആളുകളും കവര്‍ കാണാനാവാതെ മടങ്ങുന്നു.
അതേസമയം, കുമ്പളങ്ങിയിലെയും സമീപ പ്രദേശങ്ങളിലെയും ചില പാടശേഖരങ്ങളിലും കെട്ടുകളിലും ഇവ മനോഹരമായി ദൃശ്യമാകുന്നുമുണ്ട്. ഈ സ്ഥലങ്ങളൊക്കെ മാപ്പിൽ കാണില്ല. നാട്ടുകാരുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഈ സ്ഥലങ്ങളിലൊക്കെ നമുക്കെത്തിച്ചേരാൻ കഴിയു.
ഇതിൽ ചിലതൊക്കെ മത്സ്യം വളർത്തുന്നയിടമാണ്. അവിടെ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളാണ് കവരിന്റെ സീസൺ. വെള്ളത്തിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. വേനൽ കാലത്തു കായലിലെയും പാടശേഖരങ്ങളിലെയും വെള്ളത്തിന് ഉപ്പു വർധിക്കുന്നതാണ് കവര്‍ ദൃശ്യമാകാൻ കാരണം. മഴക്കാലമാകുന്നതോടെ ഇവ കായലിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. കവര്‍ എന്ന് നാട്ടുഭാഷയിൽ വിളിക്കുന്ന ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം ബയോലുമിനിസെൻസ് എന്നാണ്. ബാക്ടീരിയ ഫംഗസ് ആൽഗെ പോലെയുള്ള വെള്ളത്തിലെ സൂഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. കടലിനോട് ചേർന്നുള്ള കായൽ തീരങ്ങളിലാണ് ഇവ കൂടുതലായും ദൃശ്യമാകുന്നത്.
ശെരിക്കും പറഞ്ഞാൽ എന്താണീ കവര്‍?
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ ‘കവര്‍’ എന്ന് വിളിക്കുന്നത് . ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാലാണത്.
ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനു പിന്നിലെ കാരണവും. ചെങ്കടലിന്റെ ചുവപ്പുനിറത്തിനു കാരണവും
ബയോലൂമിനസെന്‍സ് തന്നെ. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഈ കഴിവുണ്ട്.
നമുക്കത് അത്ഭുതവും കൗതുകവുമൊക്കെയാണെങ്കിലും ഇവയ്ക്ക് അത് പ്രതിരോധമാർഗം കൂടിയാണ്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്. ചില ജീവികളില്‍ ഇവ കാണണമെങ്കില്‍ ഒരു പ്രത്യേക ഭക്ഷണമോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാവണം. കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്. ഈ ജീവികൾ മനുഷ്യന് ഉപകാരപ്രദമാകും എന്നതു സംബന്ധിച്ച് ഗവേഷണം നടന്നുവരികയാണ്.