
മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാവാം. അപകട മരണം സംഭവിച്ചാല്‍ അനന്തരാവകാശികള്‍ക്ക് 10 ലക്ഷവും അപകടം മൂലം പൂര്‍ണ്ണമായ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം വരെ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10ലക്ഷം വരെ ലഭിക്കും. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഒരാഴ്ചയിലധികമായി പ്രവേശിക്കപ്പെടുകയാണെങ്കിൽ ആശുപത്രി ചെലവിലേക്കായി ഒരു ലക്ഷം വരെയും അപകടം സംഭവിച്ച് ഒരു മാസത്തിനുളളില്‍ കോമ സ്റ്റേജില്‍ ആകുന്ന വ്യക്തിയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. അപകടം സംഭവിച്ച് ഏഴ് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ ലക്ഷം രൂപയ്ക്ക് പുറമെ 10000 രൂപയും ലഭിക്കും. അപകട മരണം സംഭവിക്കുകയാണെങ്കില്‍ മരണാനന്തര ചെലവിലേയ്ക്കായി 5000 രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് 25 വയസ്സിന് താഴെ പ്രായമുളള മക്കള്‍ക്ക് ഒറ്റത്തവണത്തേയ്ക്ക് ഒരു ലക്ഷം രൂപ വരെയും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ 509 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ അംഗങ്ങളാവാം.