
ലോകത്തിലെ ഏറ്റവും ശക്തമായ സമുദ്ര പ്രവാഹത്തിന്റെ വേഗത കാലാവസ്ഥാ വ്യതിയാനം കാരണം അപകടകരമാം വിധം കുറയുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗൾഫ് സ്ട്രീമിനേക്കാൾ നാലിരട്ടിയിലധികം വേഗത്തില്‍ ഘടികാരദിശയിലുള്ള പ്രവാഹമായ അന്റാർട്ടിക് സർക്കംപോളാർ കറന്റ് (ACC) സമുദ്ര പ്രവാഹം 2050-ഓടെ 20 ശതമാനം മന്ദഗതിയിലാവും എന്നാണ് അനുമാനം. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ വേഗത്തിലാവുകയും കടല്‍നിരപ്പ് ഉയരുകയും ചെയ്യുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. ഇത് സംബന്ധിച്ചുള്ള പഠനം എന്വിയോണ്മെന്റല് റിസര്‍ച്ച് ലെറ്റേര്‍സ് പ്രസിദ്ധീകരിച്ചു.
ഉയർന്ന കാർബൺ ബഹിര്‍ഗമനത്താല്‍ 2050 ആകുമ്പോഴേക്കും അന്റാര്‍ട്ടിക് സര്‍ക്കംപോളാര്‍ കറന്റിന്റെ വേഗം ഏകദേശം 20 ശതമാനം മന്ദഗതിയിലായേക്കാമെന്ന് മെൽബൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള മഞ്ഞുപാളികൾ ഉരുകുന്നതാണ് ഈ മാന്ദ്യത്തിന് കാരണം. ഗള്‍ഫ് സ്ട്രീമിനേക്കാള്‍ നാലിരട്ടി വേഗമുള്ള അന്റാര്‍ട്ടിക് സര്‍ക്കംപോളാര്‍ സമുദ്ര പ്രവാഹം അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു.
സമുദ്രത്തിലെ താപത്തിന്റെയും കാർബൺഡൈ ഓക്സൈഡിന്റേയും ആഗിരണം വഴി, ചൂടുള്ള ജലം അന്റാർട്ടിക്കയിൽ എത്തുന്നത് തടയുന്നത് ഈ സമുദ്രജല പ്രവാഹമാണ്. കാൻബറയിലെ ആക്സസ് നാഷണൽ റിസർച്ച് ഇൻഫ്രാസ്ട്രക്ചറിൽ സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറും കാലാവസ്ഥാ സിമുലേറ്ററുമായ ഗാഡി (GADI) ഉപയോഗിച്ചാണ് ഗവേഷകർ താപനിലയിലെ വ്യതിയാനങ്ങൾ, ഐസ് ഉരുകൽ, കാറ്റിന്റെ അവസ്ഥ എന്നിവ അന്റാർട്ടിക് സർക്കംപോളാർ കറന്റിൽ ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്തത്.
മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള സതേൺ ബുൾ കെൽപ്പ്, ചെമ്മീൻ, മോളസ്കുകൾ തുടങ്ങിയ അധിനിവേശ ജീവിവർഗ്ഗങ്ങളെ അന്റാർട്ടിക്കയിലേക്ക് എത്തുന്നത് എസിസി തടയുന്നുവെന്ന് പഠനം പറയുന്നു. എന്നാൽ എസിസി മന്ദഗതിയിലായാൽ, അത്തരം ജീവിവർഗ്ഗങ്ങൾ, ദുർബലമായ അന്റാർട്ടിക് ഭൂഖണ്ഡത്തിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്, ഇത് ഭക്ഷ്യശൃംഖലയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
മെൽബൺ സർവകലാശാലയിലെ ഗവേഷകർ, ഫ്ലൂയിഡ് മെക്കാനിസ്റ്റ് അസോസിയേറ്റ് പ്രൊഫസർ ബിഷഖ്ദത്ത ഗയേൻ, കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. തൈമൂർ സൊഹൈൽ, നോർവീജിയൻ റിസർച്ച് സെന്ററിലെ സമുദ്രശാസ്ത്രജ്ഞൻ ഡോ. ആൻഡ്രിയാസ് ക്ലോക്കർ തുടങ്ങിയവരാണ് ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നത്.