
കെജ്രിവാൾ തന്റെ അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും, ഇതിനെ പിന്തുണയ്ക്കുന്ന ഒരു ഡാറ്റയും അദ്ദേഹം പങ്കുവച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം
ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ ആം ആദ്മി സർക്കാരിന്റെ ഭരണകാലത്ത് ഡൽഹിയിൽ വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന അവകാശവാദവുമായി എഎപി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. എന്നാൽ ഈ അവകാശവാദത്തെ എതിർത്ത ബിജെപി കണക്കുകളുമായി ഇതിനെതിരെ ആഞ്ഞടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് ശേഷമാണ് കെജ്രിവാൾ ഈ അവകാശവാദവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 10 വർഷമായി ഡൽഹിയെ വൈദ്യുതി മുടക്കത്തിൽ നിന്ന് മോചിപ്പിച്ചത് തന്റെ സർക്കാരാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കിയത്. കൂടാതെ ബിജെപി സർക്കാർ അധികാരമേറ്റതിന് ശേഷം പതിവായി വൈദ്യുതി മുടക്കവും തടസങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കാനായി ആളുകളുടെ ട്വീറ്റുകളും കെജ്രിവാൾ പങ്കുവയ്ക്കുകയുണ്ടായി. ഡൽഹിയിൽ വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട് ആളുകൾ പങ്കുവച്ച പോസ്റ്റുകൾ കെജ്രിവാൾ ഷെയർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഭരണകക്ഷി കൂടിയായ ബിജെപി ശക്തമായി രംഗത്ത് വന്നത്.
കെജ്രിവാൾ തന്റെ അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും, ഇതിനെ പിന്തുണയ്ക്കുന്ന ഒരു ഡാറ്റയും അദ്ദേഹം പങ്കുവച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെയാണ് ഡൽഹി വൈദ്യുതി മന്ത്രി ആശിഷ് സൂദ് മറുപടി നൽകിയത്. എഎപിയുടെ ഭരണകാലത്തെ 2024-2025 വർഷത്തെ വിശദമായ സ്ഥിതി വിവരക്കണക്കുകൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കെജ്രിവാളിനെ നേരിട്ടത്. ആം ആദ്മി പാർട്ടി ഭരിച്ച കഴിഞ്ഞ 12 മാസത്തിനിടെ ഡൽഹിയിൽ ഒരു മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഏകദേശം 21,600 വൈദ്യുതി തടസങ്ങൾ ഉണ്ടായിട്ടുണ്ട്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം ഒരു മണിക്കൂറിലധികം വീതമുള്ള കുറഞ്ഞത് 60 വൈദ്യുതി തടസങ്ങളെങ്കിലും നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല പഞ്ചാബിൽ നിന്നുകൊണ്ട് ഡൽഹിയിലെ പ്രശ്നങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞതിനും കെജ്രിവാളിനെ മന്ത്രി പരിഹസിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് ജയം ലക്ഷ്യമിട്ടെത്തിയ എഎപിയെയും അരവിന്ദ് കെജ്രിവാളിനേയും വീഴ്ത്തിയാണ് രണ്ടര പതിറ്റാണ്ടിന് ശേഷം ഇവിടെ ബിജെപി ജയം നേടിയത്. അപ്രതീക്ഷിത തോൽവിയാണ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർക്ക് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. വീണ്ടും ഡൽഹിയിലെ രാഷ്ട്രീയ ഭൂമിയിൽ സജീവമാവുകയാണ് കെജ്രിവാളിന്റെ ലക്ഷ്യമെന്ന് പുതിയ ആരോപണത്തിൽ നിന്ന് വ്യക്തമാണ്. കാരണം വർഷങ്ങളായി ഡൽഹിയിൽ ഏറ്റവും ചർച്ചയാവുന്ന വിഷയമാണ് വൈദ്യുതി. അതുകൊണ്ട് തന്നെയാണ് ബിജെപി ഉടൻ തിരിച്ചടിച്ചത്.