
കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർവാൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു
ചണ്ഡീഗഡ്: ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന അതിർത്തികളിൽ കർഷകർ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക കൂടാരങ്ങൾ അടക്കം പൊളിച്ച് നീക്കി സമരക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് പഞ്ചാബ് പൊലീസ് നടത്തിയത്. പഞ്ചാബ് പോലീസ് ബുൾഡോസറുകൾ ഉപയോഗിച്ചാണ് അതിർത്തികളിൽ കർഷകർ നിർമ്മിച്ചിരിക്കുന്ന കൂടാരങ്ങൾ പൊളിച്ചുമാറ്റുന്നത്. ഡല്‍ഹി അതിര്‍ത്തി കനത്ത ജാഗ്രതയിലാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് അര്‍ദ്ധരാത്രിയിലെ പഞ്ചാബ് പൊലീസ് നടപടി.
ഇതിനിടെ ഖനൗരി, ശംഭു അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെ മൊഹാലിയിൽ നിരവധി കർഷകർ പഞ്ചാബ് പോലീസുമായി ഏറ്റുമുട്ടി. അതേസമയം കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർവാൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം ശംഭുവിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കർഷക നേതാക്കളെ മൊഹാലിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
രണ്ട് ഹൈവേകൾ ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിനാൽ വ്യവസായങ്ങൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടി നേരിട്ടതായി പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞിരുന്നു. രണ്ട് അതിർത്തികളിലെയും കർഷകരെ ഒഴിപ്പിക്കുന്നതിനെയും മന്ത്രി ന്യായീകരിച്ചിരുന്നു.