ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക
ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.ഊട്ടിയിലേക്ക് വാരാന്ത്യങ്ങളിൽ ദിവസം 8000 വണ്ടികളും മറ്റ് ദിവസങ്ങളിൽ 6000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6000 വണ്ടികൾക്കും 4000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ സതീശ് കുമാർ ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിൻ്റെതാണ് ഉത്തരവ്.
സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവർക്കും നിയന്ത്രണം ബാധകമാവില്ല. കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ ജൂൺ വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കോടതി പറഞ്ഞു.
