എയർടെല്ലും വിഐയും അവരുടെ കോടിക്കണക്കിന് ഉപയോക്താക്കളെ സ്പാം കോളുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി സംവിധാനം ആരംഭിച്ചിട്ടുണ്ട്.
ദില്ലി: സ്പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കൾക്കായി ടെലിക്കോം മന്ത്രാലയം അടുത്തിടെ സഞ്ചാര്‍ സാഥി പോർട്ടലിന്റെ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് വ്യാജ കോളുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടാതെ, നിങ്ങളുടെ പേരിലുള്ള വ്യാജ സിം കാർഡുകൾ നിങ്ങൾക്ക് കണ്ടെത്താനും സാധിക്കും. ഈ പോർട്ടലിന് പുറമെ, ടെലികോം കമ്പനികൾക്ക് എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. എയർടെല്ലും വിഐയും അവരുടെ കോടിക്കണക്കിന് ഉപയോക്താക്കളെ സ്പാം കോളുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി എഐ സംവിധാനം ആരംഭിച്ചു. ഈ എഐ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് വരുന്ന വ്യാജ കോളുകൾ ഓപ്പറേറ്റർ തലത്തിൽ തന്നെ തടയാൻ സാധിക്കുന്നു.
