തുഹിൻ കാന്ത പാണ്ഡെയെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർമാനായി മൂന്ന് വർഷത്തേക്ക് നിയമിച്ചു. മാധവി പുരി ബുച് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. തിങ്കളാഴ്ച പുതിയ മേധാവി ചുമതലയേൽക്കും.
1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ കാന്ത പാണ്ഡെ നിലവിൽ ധനകാര്യ, റവന്യൂ സെക്രട്ടറിയാണ്. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് എംബിഎയും പാണ്ഡെ നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (യുണിഡോ) റീജിയണൽ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ, കേന്ദ്ര സർക്കാരിലും ഒഡീഷ സംസ്ഥാന സർക്കാരിലും നിരവധി സുപ്രധാന സ്ഥാനങ്ങൾ പാണ്ഡെ വഹിച്ചിട്ടുണ്ട്.
