ന്യൂഡല്‍ഹി: കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെ (61) മുഖ്യ തിരഞെഞ്ഞെടുപ്പ് കമ്മിഷണറായി (സിഇസി) നിയമിച്ചു. നിലവിലെ 2 തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ സീനിയറാണു ഗ്യാനേഷ്കുമാര്‍. ഗ്യാനേഷ് കുമാറിനു പകരം തിരഞ്ഞെടുപ്പ് കമ്മിഷണറായി 1989 ഹരിയാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഹരിയാന ചീഫ് സെക്രട്ടറിയുമായ വിവേക് ജോഷിയെ നിയമിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ സമിതിയാണ് സിഇസിയെ തീരുമാനിച്ചത്. സമിതിയുടെ ഘടന സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ എതിര്‍പ്പറിയിച്ചത്. കമ്മിഷണറെ തിരഞ്ഞെടുക്കുന്നതടക്കം തുടര്‍നടപടികളില്‍ രാഹുല്‍ പങ്കാളിയായില്ല. യുപി സ്വദേശിയായ ഗ്യാനേഷ് 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും അയോധ്യ രാമജ ന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കാനുമുള്ള നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചതും ഗ്യാനേഷ് ആയിരുന്നു. 2023ലെ നിയമമനുസരിച്ച് രൂപീകരിച്ച സിലക്ഷന്‍ സമിതി തിരഞ്ഞെടുക്കുന്ന ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണു ഗ്യാനേഷ്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി നിയമിക്കുന്നതായിരുന്നു പതിവുരീതി. സിഇസിയെ തീരുമാനിക്കുന്നത് മാറ്റിവയ്ക്കണമെന്ന് യോഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
