മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത 12 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. അംബെര്‍നാഥ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഈ 12 പേരെയാണ് ബിജെപി ഔപചാരികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അധികാരമോഹത്തിന്റെ പേരിലല്ല, വികസനത്തെ മുന്‍നിര്‍ത്തിയാണ് ഇവര്‍ ബിജെപിയിലേക്ക് എത്തിയതെന്ന് പാര്‍ട്ടി പ്രവേശനം സ്ഥിരീകരിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന് വ്യക്തമാക്കി.
ഡിസംബറില്‍ നടന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 27 സീറ്റുകള്‍ നേടി ശിവസേന (ഏക്നാഥ് ഷിന്‍ഡെ വിഭാഗം) ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പിലാണ് രാഷ്ട്രീയമായി അപ്രതീക്ഷിതമായി കോണ്‍ഗ്രസ്–ബിജെപി സഖ്യം രൂപപ്പെട്ടത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ മേയര്‍ സ്ഥാനാര്‍ഥി മനീഷ വാലെകരിനെ പരാജയപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസ് അംഗങ്ങളും കൈകോര്‍ത്തു.
മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേജശ്രീ കരഞ്ജുലെയാണ് വിജയിച്ചത്. ബിജെപിയുടെ 14, കോണ്‍ഗ്രസ് 12, എന്‍സിപി അജിത് പവാര്‍ വിഭാഗം 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെ മൊത്തം 32 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ഈ പുതിയ സഖ്യത്തിന് ‘അംബെര്‍നാഥ് വികാസ് അഘാടി’ എന്നായിരുന്നു പേര് നല്‍കിയിരുന്നത്.
എന്നാല്‍ സഖ്യം വലിയ വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം 12 കൗണ്‍സിലര്‍മാരെയും സസ്പെന്‍ഡ് ചെയ്തു. ബ്ലോക്ക് അധ്യക്ഷന്‍ പ്രദീപ് പാട്ടീല്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു നടപടി നേരിട്ടത്. ഈ തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് എല്ലാവരും ബിജെപിയില്‍ ചേര്‍ന്നത്.
