ഡൽഹി: ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയെ ഡോക്ടർ ക്രൂരമായി മർദിച്ചെന്ന ആരോപണം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ കുപ്വിയിലെ സ്വദേശിയെയാണ് ഡോക്ടർ ആക്രമിച്ചതെന്നാണ് പരാതി.Doctor brutally assaults patient at Indira Gandhi Medical College, Shimla
പരിശോധനയ്ക്കെത്തിയ ഡോക്ടർ പരുഷമായി സംസാരിച്ചതിനെതിരെ മാന്യമായി പെരുമാറണമെന്ന് രോഗി ആവശ്യപ്പെട്ടതോടെയാണ് മർദനം ആരംഭിച്ചതെന്ന് ഇയാൾ ആരോപിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടത്തി. സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടറെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ ആശുപത്രി അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ധനി റാം ഷാൻഡിൽ ഉറപ്പ് നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റം മെഡിക്കൽ പ്രൊഫഷന്റെ ധാർമികതയ്ക്ക് വിരുദ്ധമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
സംഭവത്തിൽ ആരോഗ്യ സെക്രട്ടറി, ഐജിഎംസി മെഡിക്കൽ സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരോട് വിശദീകരണം നൽകാൻ നിർദേശിച്ചതായും, വിശദമായ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
