പട്ന: ബീഹാറിൽ തണുപ്പ് അതിരൂക്ഷമായി ശക്തിപ്രാപിക്കുന്നു. കനത്ത മൂടൽമഞ്ഞും താപനിലയിലെ കുത്തനെയുള്ള ഇടിവും കാരണം സംസ്ഥാനം അക്ഷരാർത്ഥത്തിൽ തണുത്തുറഞ്ഞ അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 27 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് അധികൃതർ അറിയിച്ചു.. കഴിഞ്ഞ 24 മണിക്കൂറിനിടെ പകൽ പരമാവധി താപനിലയിൽ ഏകദേശം 6 ഡിഗ്രിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. പട്നയിൽ പരമാവധി താപനില 16.9°Cഉം കുറഞ്ഞത് 14.0°Cഉം മാത്രമാണ്. ഇതോടെ പകലും രാത്രിയും തമ്മിലുള്ള താപവ്യത്യാസം 2.9°C ആയി ചുരുങ്ങി. ഇടയ്ക്കിടെ തെളിയുന്ന വെയിലിനും തണുപ്പിന് ആശ്വാസം നൽകാൻ കഴിയാത്തതിനാൽ ജനങ്ങൾ പകൽ സമയങ്ങളിലും വീടിനുള്ളിൽ കഴിയേണ്ട സാഹചര്യമാണുള്ളത്.Bihar is freezing cold
കാഴ്ചപരിധി ഗണ്യമായി കുറഞ്ഞത് സംസ്ഥാനത്ത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഇടതൂർന്ന മൂടൽമഞ്ഞ് കാരണം ഗോപാൽഗഞ്ച്, ബക്സർ എന്നിവിടങ്ങളിൽ ഉണ്ടായ റോഡപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഡിസംബർ 20-ന് മൂടൽമഞ്ഞ് അതീവ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ശീതതരംഗം ശക്തമായി ബാധിക്കുന്ന ജില്ലകളിൽ സീതാമർഹി, പട്ന, ഗയ, മുസാഫർപൂർ, വൈശാലി, ഭോജ്പൂർ, റോഹ്താസ്, സമസ്തിപൂർ ഉൾപ്പെടെ 27 ജില്ലകൾ ഉൾപ്പെടുന്നു. പടിഞ്ഞാറൻ കാറ്റും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവുമാണ് ഈ വർഷം തണുപ്പ് കൂടാൻ പ്രധാന കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
