മുംബൈ: കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 90 വയസായിരുന്നു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽ നിന്ന് ഏഴ് തവണ ലോക്സഭയിൽ സ്ഥാനമുറപ്പിച്ച അദ്ദേഹം, 2004–2008 കാലത്ത് ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2008ലെ മുംബൈ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു.Former Union Minister Shivraj Patil passes away
1935 ഒക്ടോബർ 12ന് മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ് റാവുവിന്റെയും ഭാഗീരഥി ഭായിയുടെയും മകനായി ജനിച്ച പാട്ടീൽ, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ബിഎസ്സിയും ബോംബെ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. 1972ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര നിയമസഭയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് മന്ത്രിയും സ്പീക്കറും ആയി പ്രവർത്തിച്ചു. 1980ൽ ആദ്യമായി ലാത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാട്ടീൽ 2004 വരെ തുടർച്ചയായി ഏഴുതവണ ജയിച്ചു. 1980–1989 കാലത്ത് കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം, 1991–1996 കാലഘട്ടത്തിൽ ലോക്സഭാ സ്പീക്കറുടെ നിലയിലും 2010–2015 വരെ പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.
ശിവരാജ് പാട്ടീലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “ശ്രീ ശിവരാജ് പാട്ടീൽ ജിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. എംഎൽഎ, എംപി, കേന്ദ്ര മന്ത്രി, മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ, ലോക്സഭാ സ്പീക്കർ എന്നീ നിലകളിലെ ദീർഘാനുഭവം അദ്ദേഹത്തെ ജനങ്ങളോട് അടുത്തുനിന്ന നേതാവാക്കി,” എന്നാണ് പ്രധാനമന്ത്രിയുടെ സന്ദേശം.
